കോട്ടയം : ഒ.ബി.സി പ്രീമെട്രിക് സ്കോളർഷിപ്പ് നൽകുന്നതിലെ ജാതി വിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം യൂത്തുമൂവ്മെന്റ് കോട്ടയം യൂണിയൻ ഇന്ന് പ്രതിഷേധപ്രകടനം നടത്തും. ഭരണാധികാരി വർഗം പിന്നാക്ക വിഭാഗങ്ങൾക്കെതിരെ തുടർച്ചയായി നടത്തുന്ന വിവേചനങ്ങളുടെ ഏറ്റവും പുതിയരൂപമാണ് പ്രീമെട്രിക് സ്കോളർഷിപ്പിൽ നിന്ന് ഈഴവ, വിശ്വകർമ്മ, ഹിന്ദുനാടാർ വിദ്യാർത്ഥികളെ ഒഴിവാക്കിയതെന്ന് യൂത്തുമൂവ്മെന്റ് യോഗം വിലയിരുത്തി. അടിസ്ഥാനവർഗത്തെ സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരമായും മുഖ്യധാരയിലേക്ക് ഉയർത്തുന്നതിന് തുല്യതയോടെ നൽകേണ്ട സ്കോളർഷിപ്പിലാണ് വിവേചനം കാട്ടിയിരിക്കുന്നത്. നീതിപൂർവമല്ലാത്ത നിബന്ധനകൾ എഴുതിച്ചേർത്ത് പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസത്തിലൂടെ മുന്നേറാനുള്ള വഴിയിൽ തടസം സൃഷ്ടിക്കുകയാണ് ചെയ്തിരിക്കുന്നത്. മൈക്ക് കിട്ടുമ്പോൾ മാത്രം മതേതരത്വം പ്രസംഗിക്കുകയും പേനകിട്ടുമ്പോൾ മതവിദ്വേഷം ജനിപ്പിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഭരണാധികാരികൾ വച്ചുപുലർത്തുന്നതെന്നും യോഗം വിലയിരുത്തി. പ്രീമെട്രിക് സ്കോളർഷിപ്പ് വിഷയത്തിൽ കേരളകൗമുദിയുടെ സത്യസന്ധമായ പ്രവർത്തനത്തെ യോഗം അഭിനന്ദിച്ചു. പ്രസിഡന്റ് ലിനീഷ് ടി. ആക്കളം അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.എസ്.സുമോദ്, എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലർമാരായ സജീഷ് കുമാർ മണലേൽ, അഡ്വ.ശിവജി ബാബു, യൂത്തുമൂവ്മെന്റ് ഭാരവാഹികളായ ശ്രീദേവ് കെ.ദാസ്, ഷെൻസ് സഹദേവൻ, യൂജിഷ് ഗോപി, സനോജ്, ബിബിൻഷാൻ എന്നിവർ സംസാരിച്ചു.