കോട്ടയം : തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഉഷ:പായസം കന്നിമാസത്തിലെ തിരുവോണം നാളിൽ കരക്കാർക്ക് നൽകില്ലെന്ന നിലപാടിൽ ഉറച്ച് ദേവസ്വം ബോർഡ്. ദേവസ്വം പതിവ് ബുക്കിലെ വ്യവസ്ഥപ്രകാരം കന്നിമാസത്തിലെ തിരുവോണം നാളിൽ ഉഷ: പായസം കരക്കാർക്ക് വിതരണം ചെയ്യണം. എന്നാൽ നാളിതുവരെ ഈ അവകാശം കരക്കാർക്ക് ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് കരക്കാരുടെ പ്രതിനിധികൾ ദേവസ്വം ബോർഡിന് അപേക്ഷ സമർപ്പിച്ചപ്പോഴാണ് പതിവ് ബുക്കിലെ എല്ലാ കാര്യങ്ങളും നടപ്പിലാക്കാനാവില്ലെന്നും കാലങ്ങളായി ഒരു പ്രത്യേക സമുദായം കൈവശം വച്ചിരിക്കുന്ന ഈ അവകാശം മറ്റാർക്കും വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും സബ് ഗ്രൂപ്പ് ഓഫീസർ നിലപാട് അറിയിച്ചത്.
അടുത്തകാലത്ത് വിവരാവകാശ നിയമപ്രകാരം നിയമാവലിയുടെ പകർപ്പ് ലഭിച്ചതോടെയാണ് ഉഷ: പായസം സംബന്ധിച്ച് ദേവസ്വം അധികൃതരുടെ കള്ളക്കളി പുറത്തായത്. ഇതോടെ കാലാകാലങ്ങളായി പൂഴ്ത്തിവച്ച അവകാശം വീട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്തെത്തി. ദേവസ്വം ബോർഡിന് രേഖാമൂലം അപേക്ഷ സമർപ്പിച്ചിട്ടും കരക്കാരുടെ അവകാശം അനുവദിച്ചുകിട്ടാത്തതിൽ പ്രതിഷേധിച്ച് ക്ഷേത്രോപദേശക സമിതിയിൽ നിന്ന് ചില അംഗങ്ങൾ രാജിവച്ചിരുന്നു.
പതിവ് ബുക്ക് പറയുന്നത്
എല്ലാ കറുത്തവാവിനും വൃശ്ചികമാസത്തിലെ വെളുത്ത ദ്വാദശിക്കും ബ്രഹ്മസ്വം ചെലവിലും, കന്നിമാസത്തിലെ തിരുവോണം നാളിൽ കരക്കാർക്കും, ഉത്സവത്തിൽ ഒന്നാം ദിവസം തന്ത്രിക്കും, ഒരുദിവസം തോട്ടൂർ ആശാരിക്കും, ഒരുദിവസം ആമ്പലാറ്റ് പണിക്കർക്കും , ശേഷം ദിവസങ്ങളിൽ മാത്രം വിറ്റ് മുതലാക്കലും'
' ഉഷ:പായസം സംബന്ധിച്ച് വർഷങ്ങളായുള്ള കീഴ്പ്പതിവ് മാറ്റാനാകില്ല. പതിവ് ബുക്കിൽ പറയുന്നതെല്ലാം നടപ്പിലാക്കാനാകില്ല. തിരുവാർപ്പ് ക്ഷേത്രത്തിലെ ഓഫീസർ എന്ന നിലയിൽ ദേവസ്വം കമ്മിഷണർ പറയുന്നതേ നടപ്പിലാക്കാനാകൂ. നിലവിൽ പായസം കൊടുക്കുന്നത് കരയോഗം സെക്രട്ടറിക്കാണ്. ഈ തവണയും ആ പതിവ് തുടരും.
വിക്രമൻ കെ.വാര്യർ,
സബ് ഗ്രൂപ്പ് ഓഫീസർ