കോട്ടയം : അമിതവേഗത്തിലെത്തിയ ലോറി നിയന്ത്രണം വിട്ട് വീടിന്റെ മതിലും, രണ്ട് വൈദ്യുതി പോസ്റ്റുകളും തകർത്തു. ലോറി ഡ്രൈവറും വഴിയാത്രക്കാരും അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ പുലർച്ചെ 3.45 ന് കുമാരനല്ലൂർ മേൽപ്പാലത്തിന് സമീപമായിരുന്നു അപകടം. പെരുമ്പാവൂരിൽ തടി ഇറക്കിയ ശേഷം കൊട്ടാരക്കര ആയൂരിലേയ്‌ക്ക് പോകുകയായിരുന്നു ലോറി. വൈദ്യുതിലൈൻ ലോറിയിൽ കുടുങ്ങിയതോടെ നിരവധി പോസ്റ്റുകൾ ചെരിഞ്ഞു. ലൈൻ പൊട്ടി വീണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വൻദുരന്തം ഒഴിവാകുകയായിരുന്നു. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണം നഷ്‌ടമായെന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴി. അപകടത്തെത്തുടർന്ന് മണിക്കൂറുകൾ എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ മേൽപ്പാലം റോഡ് വഴി തിരിച്ചു വിട്ടു.