അടിമാലി: അത്യാധുനിക സംവിധാനമുള്ള ഇടുക്കിയിലെ ആദ്യ ഫസ്റ്റ് റെസ്‌പോൺസെബിൾ വെഹിക്കിൾ (എഫ്.ആർ.വി) അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിന് സ്വന്തം. രക്ഷാപ്രവർത്തന ഘട്ടങ്ങളിൽ അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിന് കൂടുതൽ കരുത്തേകാൻ ലക്ഷ്യമിട്ടാണ് ഏറ്റവും അത്യാധുനിക രീതിയിലുള്ള എഫ്.ആർ.വി നിരത്തിലിറക്കിയത്. തൊടുപുഴയിലും മൂന്നാറിലും സമാനവാഹനങ്ങൾ ഉണ്ടെങ്കിലും പുതിയ എഫ്.ആർ.വിയുടെയത്ര അത്യാധുനിക സംവിധാനങ്ങൾ ഇല്ല. തകിട് പോലുള്ള വസ്തുക്കൾ ഒരേ സമയം അകത്തിയും മുറിച്ചും നീക്കാമെന്നതാണ് യൂണിറ്റിന്റെ ഒരു പ്രത്യേകത. ഇതിനായി വേണ്ടുന്ന ഹൈഡ്രോളിക് കട്ടിംഗ് മെഷീനും ചെയിൻ സോയും വാഹനത്തിലുണ്ട്. പെട്രോൾ പോലുള്ള വസ്തുക്കളിൽ നിന്ന് തീപടർന്നാൽ വെള്ളത്തിനു പുറമെ ഫോമുപയോഗിച്ചും തീ അണയ്ക്കാൻ പുതിയ യൂണിറ്റ് സഹായകരമാകും. 400 ലിറ്റർ ജലവും 50 ലിറ്റർ ഫോമും പുതിയ യൂണിറ്റിൽ സംഭരിക്കാനാകും. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ വാഹനത്തിൽ വെള്ളം നിറയ്ക്കാനും സാധിക്കും. ഇടുങ്ങിയ വഴികളിലൂടെ ഫയർഎൻജിൻ എത്തുംമുമ്പേ കുഞ്ഞൻ വാഹനമായ എഫ്.ആർ.വിക്ക് എത്തി രക്ഷാ പ്രവർത്തനത്തിന് തുടക്കമിടാമെന്നതാണ് മറ്റൊരു പ്രത്യേകത. എസ്. രാജേന്ദ്രൻ എം.എൽ.എ പുതിയ എഫ്.ആർ.വി ഫ്ളാഗ് ഒഫ് ചെയ്തു. അടിമാലി ഫയർഫോഴ്‌സ് യൂണിറ്റിലെ സേനാംഗങ്ങളും പൊതുപ്രവർത്തകരും ഫ്ളാഗ് ഒഫ് ചടങ്ങിൽ പങ്കെടുത്തു.