പാലാ: പ്രായം എത്രയേറിയാലും അറിവിന്റെ ആദ്യക്ഷരം കുറിക്കുന്ന അത്യപൂർവ അനുഷ്ഠാനത്തിന് ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രസന്നിധി ഒരുങ്ങി; ക്ഷേത്രത്തിൽ പ്രത്യേകം തയ്യാറാക്കിയ സരസ്വതീ മണ്ഡപത്തിന്റെ വടക്കേ വിശാലതയിൽ വിരിച്ചിട്ട മണലിൽ അറിവിന്റെ ''ഹരി:ശ്രീ' കുറിക്കാൻ നൂറുകണക്കിനാളുകളാണ് വിജയദശമി നാളിലെത്തുന്നത്. കാവിൻ പുറം ക്ഷേത്രത്തിൽ പാരമ്പര്യ രീതിയിൽ നടക്കുന്ന മണലിൽ എഴുത്തിൽ 5 വയസ്സുകാർ മുതൽ 90 വയസ്സുകാർ വരെ പങ്കെടുക്കാറുണ്ട്. സരസ്വതീ മണ്ഡപത്തിലെ സരസ്വതീ പൂജയ്ക്കും പൂജയെടുപ്പിനും തൂലികാ പൂജയ്ക്കും ശേഷം പാരമ്പര്യ രീതിയിലുള്ള മണലിൽ എഴുത്തിന് തുടക്കമാകും.

പുസ്തകം പൂജയ്ക്ക് വെച്ചിട്ടുള്ള മുഴുവൻ വിദ്യാർത്ഥികൾക്കും തൂലികാ പൂജ നടത്തിയ പേനകൾ പ്രസാദമായി വിതരണം ചെയ്യുന്ന അനുഷ്ഠാനവുമുണ്ട്. ആപ്പിൾ, മുന്തിരി , ഓറഞ്ച്, അവൽ, ശർക്കര, തേൻ , കൽക്കണ്ടം തുടങ്ങി എട്ടു കൂട്ടം സാധനങ്ങൾ ചേർന്ന മധുര ഫല മഹാ നിവേദ്യവും പൂജയെടുപ്പിനു ശേഷം വിദ്യാർത്ഥികൾക്കു വിതരണം ചെയ്യും. വിജയദശമി നാളിൽ രാവിലെ 8നാണ് തൂലികാ പൂജയും വിദ്യാരംഭവും. തുടർന്ന് 8.30 മുതൽ നട അടയ്ക്കുന്നതു വരെ പാരമ്പര്യ രീതിയിൽ മണലിൽ എഴുതുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. ഫോൺ: 9745260 444.