കോട്ടയം: കുമ്മനം ഇളങ്കാവ് ഭഗവതിക്ഷേത്രത്തിലെ എട്ടാമത് ദേവീഭാഗവത നവാഹയജ്ഞം 12 മുതൽ 20 വരെ നടക്കും. ഇതിന് മുന്നോടിയായി 11ന് വിഗ്രഹവിളംബര രഥഘോഷയാത്രയും നടത്തും. രാവിലെ 9ന് കുമരകം പുതിയകാവ് ദേവീക്ഷേത്രത്തിൽ നിന്ന് ആരംഭിക്കുന്ന രഥഘോഷയാത്ര വൈകിട്ട് 5.30ന് ഇളങ്കാവിൽ എത്തിച്ചേരും. തുടർന്ന് യജ്ഞാചാര്യൻ, യജ്ഞഹോതാവ്, യജ്ഞപൗരാണികർ എന്നിവർക്ക് സ്വീകരണം നൽകും. യജ്ഞമണ്ഡപത്തിൽ പ്രതിഷ്ഠിക്കാനുള്ള ദേവീവിഗ്രഹം ഡോ. പി.ആർ. കുമാർ ഏറ്റുവാങ്ങി സമർപ്പിക്കും. 6.45ന് സിനിമ- സീരിയൽ താരം കൃഷ്ണപ്രസാദ് ദേവീഭാഗവത നവാഹയജ്ഞം ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് ബി. ഹരീഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പുള്ളിക്കണക്ക് ഓമനക്കുട്ടൻ യജ്ഞമഹാത്മ്യപ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട് അനുഗ്രഹപ്രഭാഷണവും മേഘാലയ സർക്കാർ ഉപദേഷ്ഠാവ് ഡോ.സി.വി. ആനന്ദബോസ് മുഖ്യപ്രഭാഷണവും നടത്തും. കുമ്മനം രാജശേഖരൻ, ഗുരുവായൂർ ദേവസ്വം കമ്മീഷണർ പി. വേണുഗോപാൽ, എൻ.എസ്.എസ്. താലൂക്ക് യൂണിയൻ സെക്രട്ടറി എ.എം. രാധാകൃഷ്ണൻ നായർ എന്നിവർ പ്രസംഗിക്കും. ദേവസ്വം വൈസ് പ്രസിഡന്റ് കെ.എസ്. ഉണ്ണികൃഷ്ണൻ സ്വാഗതവും ജനറൽ കൺവീനർ പി. സുരേഷ് നന്ദിയും പറയും. 12 മുതൽ 20 വരെ ഗണപതിഹോമം, ദേവിഭാഗവതപാരായണം, പ്രഭാഷണം, പ്രത്യേകപൂജകൾ, വഴിപാടുകൾ എന്നിവ നടക്കും. 13ന് രാവിലെ 9ന് ഗായത്രിഹോമം, 14ന് മഹാ അഘോരഹോമം, 15ന് മഹാമൃത്യുഞ്ജയഹോമം, 16ന് മഹാനവാക്ഷരീഹോമം, 17ന് പാർവ്വതി പരിണയഘോഷയാത്ര, പാർവതി പരിണയം, 19ന് മഹാനവഗ്രഹപൂജ, കുമാരിപൂജ, 20ന് ധാരാഹോമം, മണിദീപവർണനം, ആറാട്ട്, കുങ്കുമാഭിഷേകം തുടങ്ങിയ വിശേഷാൽ ചടങ്ങുകളും നടക്കും.