അടിമാലി: ടൗണിൽ ഉന്തുവണ്ടിയിൽ കച്ചവടം നടത്താൻ പോവുകയായിരുന്ന അമ്മയെയും മകനെയും ആട്ടോറിക്ഷ ഇടിച്ച് വീഴ്ത്തി. അടിമാലി സ്വദേശിനി തേൻമാവിൻകുഴിയിൽ അമ്മിണി (60), മകൻ ഷിജു (48) എന്നിവർക്കാണ് പരിക്കേറ്റത്. അടിമാലി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലെ സ്വകാര്യആശുപത്രിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പുലർച്ചെ നാലിന് ടൗണിലെ ലൈബ്രറി റോഡ് ജംഗ്ഷനിലായിരുന്നു അപകടം. ടൗണിലെ സെന്റർ ജംഗ്ഷനിൽ ഉന്തുവണ്ടിയിൽ ചായക്കട നടത്തുകയാണ് അമ്മിണിയും ഷിജുവും. പുലർച്ചെ കടതുറക്കാനായി ഉന്തുവണ്ടിയുമായി ടൗണിലേക്ക് വരുന്നതിനിടയിൽ ലൈബ്രറി റോഡിലൂടെ എത്തിയ ആട്ടോറിക്ഷ ഇവരെ ഇടിച്ചിടുകയായിരുന്നെന്നാണ് പ്രാഥമിക വിവരം. ഇടിയുടെ ആഘാതത്തിൽ ഉന്തുവണ്ടി തലകീഴായി മറിയുകയും അമ്മിണിക്കും ഷിജുവിനും ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇടിച്ചിട്ട ആട്ടോറിക്ഷ നിറുത്താതെ പോയി. ആ സമയം ടൗണിൽ ആളുകളില്ലാതിരുന്നതിനാൽ അപകടത്തെക്കുറിച്ച് കൂടുതൽ വ്യക്തത ലഭിച്ചിട്ടില്ല. സമീപത്തെ വ്യാപാരശാലകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാൽ അപകടത്തെക്കുറിച്ചുള്ള ചിത്രം വ്യക്തമാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ടൗണിൽ പാർക്കിംഗും വൺവേ സംവിധാനങ്ങളും താളം തെറ്റി കിടക്കുന്നതിനാലാണ് അപകടമുണ്ടായതെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ ദിവസം പഞ്ചായത്ത് വിളിച്ച് ചേർത്ത ഗതാഗത ഉപദേശക സമിതി യോഗം ബഹളത്തെ തുടർന്ന് പിരിഞ്ഞിരുന്നു.