പാലാ: കിഴതടിയൂർ ബൈപ്പാസിലെ നടപ്പാത കാടു കയറി നശിക്കുന്നത് കാൽനടയാത്രികരെ ദുരിതത്തിലാക്കുന്നു. നടപ്പാത കാട്ടുപാതയായിട്ട് നാളുകളായിട്ടും ഇത് നന്നാക്കുന്നതിന് ബന്ധപ്പെട്ടവർ നടപടികളെടുക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ദിനംപ്രതി നിരവധി പേർ പ്രഭാത സവാരിക്കും, ദേവാലയ ദർശനത്തിനും ഈ വഴിയിലൂടെ സഞ്ചരിക്കുന്നുണ്ട്. നടപ്പാതയിലൂടെയുള്ള യാത്ര ദുരിതപൂർണമായതിനാൽ വിദ്യാർത്ഥികളടക്കമുള്ളവർ റോഡിലിറങ്ങി നടക്കേണ്ട ഗതികേടിലാണ്. വാഹനങ്ങൾ ചീറിപ്പായുന്ന റോഡിൽ ഇത് വൻ അപകടസാദ്ധ്യതയാണ് ഉയർത്തുന്നത്. പകൽ സമയങ്ങളിൽ ഈ വഴിയിലുള്ള ഇഴജന്തുശല്യവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. സ്ത്രീകളും, പ്രായമായവരുമടക്കം നിരവധി പേർ സഞ്ചരിക്കുന്ന വഴിയിലാണ് ഈ ദുർഗതി. അടിയന്തിരമായി ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ നടപടികളെടുക്കണമെന്നാണ് ഈ വഴിയുള്ള സഞ്ചാരികളുടെ ആവശ്യം