കോട്ടയം: ദുർഗാഷ്‌ടമി ദിവസമായ ഇന്നലെ പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിലേയ്‌ക്ക് ഒഴുകിയെത്തിയത് ആയിരക്കണക്കിന് ഭക്തർ. പൂജവച്ചതിന് ശേഷവും ക്ഷേത്രത്തിൽ എത്തി പ്രാർത്ഥനയും, വഴിപാടുകളും നടത്താൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. നാളെ പുലർച്ചെ മുതൽ ക്ഷേത്രത്തിൽ വിദ്യാരംഭത്തിനുള്ള തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട്.

നൂറു കണക്കിന് ആചാര്യന്മാ‌ർ സരസ്വതി മണ്ഡപത്തിൽ തയ്യാറാക്കിയ പ്രത്യേക പന്തലിൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിപ്പിക്കും. നേരത്തെ ബുക്ക് ‌ചെയ്‌തവർക്കും, ക്ഷേത്രത്തിൽ പ്രാർത്ഥനയ്‌ക്കായി എത്തുന്നവർക്കും ആദ്യാക്ഷരം കുറിപ്പിയ്‌ക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്. ചടങ്ങുകളുടെ ഭാഗമായി പുലർച്ചെ പള്ളിയുണർത്തൽ. തുടർന്ന് ക്ഷേത്രത്തിൽ നടതുറക്കൽ, അഭിഷേകം, ഗണപതിഹോമം, ഉഷപൂജ, പഞ്ചഗവ്യം, നവകം, ഉച്ചപൂജ, സരസ്വതി നടയിൽ സാരസ്വത ജപം, വിഷ്‌ണുനടയിൽ പുരുഷസൂക്‌താർച്ചന എന്നിവ നടക്കും. വൈകിട്ട് ആറിന് പുഷ്‌പാഭിഷേകം, ദീപാരാധന, ഏഴിന് അത്താഴപൂജ, എട്ടരയ്‌ക്ക് നടയടയ്‌ക്കൽ എന്നിവ നടക്കും.

വിദ്യാരംഭത്തിന്റെ ഭാഗമായി പൊലീസും, സർക്കാരിന്റെ വിവിധ വകുപ്പുകളും സുരക്ഷാ ക്രമീകരണങ്ങൾ അടക്കം ഒരുക്കിയിട്ടുണ്ട്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ നാല് ഇൻസ്‌പെക്‌ടർമാർ അടങ്ങുന്ന സംഘമാണ് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ബസ് പ്രത്യേക ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും സർവീസ് നടത്തും.