പാലാ: പാടശേഖരത്തിലെ തെങ്ങിൻതോപ്പിൽ മാരകമായ കളനാശിനി അടിച്ചശേഷം രണ്ട് ദിവസം കഴിഞ്ഞ് പേരിനൊരു കടലാസ് മുന്നറിയിപ്പ് ബോർഡ്. കിടങ്ങൂർ പഞ്ചായത്തിലെ പത്താം വാർഡിലുള്ള പെരുമ്പുഴ പാടശേഖരത്തിലെ രണ്ടരഏക്കറോളം വരുന്ന തെങ്ങിൻ തോപ്പിൽ വെളളിയാഴ്ച രാത്രിയിലും ശനിയാഴ്ച രാവിലെയുമായി കളനാശിനിയടിച്ചശേഷം ഇന്നലെ ഉച്ചയോടെയാണ് തൊഴിലാളികൾ കടലാസിലെഴുതിയ അവ്യക്തമായ ബോർഡ് സ്ഥാപിച്ചത്. ആരുടേയും ശ്രദ്ധ ലഭിക്കാത്ത സ്ഥലത്ത് പെട്ടെന്ന് മാഞ്ഞുപോവുന്ന മഷികൊണ്ട് 'മരുന്നടിച്ചിട്ടുണ്ട് മൃഗങ്ങളെ സൂക്ഷിക്കുക' എന്നാണ് എഴുതിയിരിക്കുന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെ രാത്രിയിലും പകലുമായി നടത്തിയ കളനാശിനി പ്രയോഗത്തിൽ കുട്ടികളും പ്രായമായവരും ഉൾപ്പടെയുള്ള പരിസരവാസികൾക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പധികൃതരോട് പരാതിപ്പെട്ടെങ്കിലും തൊഴിലാളികൾ കളനാശിനിയടിച്ച് മടങ്ങിയതിന് ശേഷം പേരിന് അന്വേഷണം നടത്തി അധികൃതർ മടങ്ങിയെന്ന് നാട്ടുകാർ പറയുന്നു. നൂറ്റമ്പതിലേറെ കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കുന്ന പാദുവ കുടിവെള്ള പദ്ധതിയുടെ കുടിവെള്ള കിണറും പമ്പ്ഹൗസും ഈപാടശേഖരത്തിലുണ്ട്. കളനാശിനിയിലെ മാരകമായ വിഷാംശം വെള്ളത്തിൽ കലർന്ന് തെങ്ങിൻ തോപ്പിന് സമീപമുള്ള കുടിവെള്ള കിണറ്റിലെത്തിയേക്കാമെന്നും നാട്ടുകാർ ആശങ്കപ്പെടുന്നു. കന്നുകാലികൾക്ക് അപകടമുണ്ടാകാമെന്ന് ക്ഷീരകർഷകരും ആകുലപ്പെടുന്നു.പാദുവ-കിടങ്ങൂർ മെയിൽ റോഡരികിലുള്ള പാടശേഖരത്തിൽ കളനാശിനിയടിച്ചതോടെ ഇത് വഴി യാത്രചെയ്യുന്നവർക്കും രൂക്ഷഗന്ധം അനുഭവപ്പെടുന്നുണ്ട്. തെങ്ങിൻ തോപ്പിലെ കളനാശിനിപ്രയോഗം നിറുത്താൻ അധികൃതർ നടപടി സ്വീകരിച്ചില്ലെങ്കിൽ ഉന്നതാധികാരികളെ സമീപിക്കുമെന്ന് നാട്ടുകാർ പറഞ്ഞു.