കോട്ടയം : മാല മോഷണക്കേസിൽ പിടിയിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ മേലുകാവ് മുൻ എസ്.ഐ കെ.ടി. സന്ദീപിനെയും നാല് പൊലീസുകാരെയും ക്രൈംബ്രാഞ്ച് എസ്.പി മുഹമ്മദ് റഫീഖ് സസ്‌പെൻഡ് ചെയ്തു. പാലാ കടനാട് വല്യാത്ത് പനച്ചിക്കാലയിൽ രാജേഷ് (30) ആണ് സുഹൃത്തുക്കൾക്ക് വാട്സ് ആപ്പ് സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്‌തത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. എസ്.ഐയടക്കമുള്ളവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ക്രൈംബ്രാഞ്ച് ഇവരെ പ്രതിചേർത്തിരുന്നു. രാജേഷിനെതിരെ ചുമത്തിയത് കള്ളക്കേസാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. മാർച്ച് ആറിനാണ് രാജേഷ് ജീവനൊടുക്കിയത്. പൊലീസ് കൂടുതൽ കേസുകളിൽ പ്രതിയാക്കുമെന്നും വീട്ടമ്മയുടെ മാല മോഷ്ടിച്ച കേസിൽ നിരപരാധി ആണെന്നുമുള്ള ശബ്ദസന്ദേശമാണ് രാജേഷ് സുഹൃത്തുക്കൾക്ക് അയച്ചത്. ഇതിൽ എസ്.ഐയുടെ പങ്കും വ്യക്തമാക്കിയിരുന്നു. പരാതി ഉയർന്നതോടെ എസ്.ഐയെ ചുമതലയിൽ നിന്ന് ഒഴിവാക്കി. ഇതിനിടെ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി രാജേഷിന്റെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു. മാലമോഷണവുമായി ബന്ധമില്ലെന്ന് പറയാൻ പിതാവിനൊപ്പം എത്തിയ രാജേഷിനെ എസ്.ഐ കസ്റ്റഡിയിലെടുത്ത് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു പരാതി.