കോട്ടയം: ബൈക്കുമായി ആർ.എസ്.എസിന്റെ പദസഞ്ചലനത്തിനിടയിലേക്ക് ഇടിച്ചുകയറിയ യുവാവിൽ നിന്നും പൊലീസ് 20 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പെരുമ്പായിക്കാട് മള്ളൂശേരി തിടമ്പൂർ അമ്പലം ഭാഗത്ത് പാറയിൽ വീട്ടിൽ ലിബിനെ (25) കഞ്ചാവുമായി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം.ജെ അരുൺ അറസ്റ്റ് ചെയ്തു. മറിയപ്പള്ളി കാവിൽപറമ്പിൽ രാജേഷിന്റെ മകൻ ഋഷികേശിന് പരിക്കേറ്റു. കാലിന് പരിക്കേറ്റ കുട്ടി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. ഇന്നലെ വൈകിട്ട് നാലിന് തിരുവാറ്റ- കുമ്മനം റോഡിലായിരുന്നു അപകടം. പദസഞ്ചലനത്തിന് സമീപത്ത് വിച്ച് ലിബിൻ സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലിബിനും ബൈക്കുകാരനും റോഡിൽ തെറിച്ചു വീണു. ലിബിന്റെ ബൈക്ക് ആർ.എസ്.എസ് പദസഞ്ചലനത്തിന് ഇടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ആർ.എസ്. എസ് പ്രവർത്തകർ അപകടത്തിൽ പരിക്കേറ്റ ഋഷികേശിനെ രക്ഷിക്കാൻ എത്തിയപ്പോഴേയ്ക്കും ലിബിൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. തുടർന്ന് പ്രവർത്തകർ ലിബിനെ പിടികൂടി. പൊലീസ് എത്തി ലിബിനെ ദേഹപരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.