കോട്ടയം: സംസ്ഥാനത്ത് ഒ.ബി.സി പ്രീമെട്രിക് സ്‌കോളർഷിപ്പ് അനുവദിക്കുന്നതിലെ ജാതിവിവേചനത്തിനെതിരെ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ സമിതിയുടെ നേത്യത്വത്തിൽ ഗാന്ധിസ്ക്വയറിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ, യൂണിയൻ യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് ലിനീഷ് റ്റി. ആക്കളത്തിന് പീതപതാക കൈമാറി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു , സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് വി.എം.ശശി, ഡയറക്ടർ ബോർഡ് അംഗം സുരേഷ് വട്ടയ്ക്കൻ, യൂത്ത് മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം സജീഷ് കുമാർ മണലേൽ , യൂണിയൻ സെക്രട്ടറി എം.എസ്.സുമോദ് , യൂണിയൻ കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി. കോട്ടയം യൂണിയൻ പരിധിയിലെ വിവിധ ശാഖയിൽ നിന്നുമായി നൂറുകണക്കിന് പ്രവർത്തകർ പ്രകടനത്തിൽ പങ്കെടുത്തു.
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് പ്രീമെട്രിക് സ്കോളർഷിപ്പ് അനുവദിക്കുന്നതിൽ ഒ.ബി.സി വിഭാഗങ്ങളെ രണ്ടായി തിരിച്ച് പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിക്കുകയും, അൺ എയഡഡ് സ്കൂളുകളിലെ ഈഴവ, വിശ്വകർമ്മജ, ഹിന്ദു നാടാർ വിദ്യാർത്ഥികളെ മാത്രം ഒഴിവാക്കുകയും ചെയ്ത നടപടി ന്യായീകരിക്കാനാവില്ലെന്ന് അഡ്വ.സംഗീത വിശ്വനാഥൻ പറഞ്ഞു.