കോട്ടയം: ഭരണസമിതിയുടെ കടുംപിടുത്തം അയഞ്ഞു, തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉഷ:പായസം ജാതിഭേദമെന്യേ കരക്കാർക്ക് നൽകി. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ പ്രസിദ്ധമായ തിരുവാർപ്പ് ക്ഷേത്രത്തിൽ ജാതിവിവേചനത്തിന്റെ അവശേഷിപ്പായ അനാചാര കോട്ടയാണ് തകർന്നുവീണത്. ഇവിടത്തെ പ്രധാനവഴിപാടായ ഉഷ:പായസം വിനിയോഗം സംബന്ധിച്ച വ്യവസ്ഥകളിൽ കന്നിമാസത്തിലെ തിരുവോണം നാളിൽ കരക്കാർക്ക് നൽകണമെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാൽ ക്ഷേത്രഭരണസമിതിയുടെ ഒത്താശയിൽ ഇത് ചിലർ തട്ടിയെടുക്കുകയായിരുന്നു.
അവകാശം ചോദിച്ച് ക്ഷേത്രോപദേശക സമിതി മുതൽ ബോർഡ് കമ്മിഷണർക്കുവരെ നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. നീതിനിഷേധം ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചതോടെ സംഭവം വിവാദമാവുകയും ക്ഷേത്രോപദേശക സമിതി മുൻനിലപാട് തിരുത്തുകയുമായിരുന്നു.
കേരളകൗമുദിയ്ക്ക് അഭിനന്ദനം
' ക്ഷേത്രപ്രവേശന വിളംബരത്തിന് കാരണമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കംകുറിച്ച മണ്ണാണ് തിരുവാർപ്പ്. 1920 ൽ ഗുരുദേവന്റെ തിരുവാർപ്പ് സന്ദർശനവും തുടർന്ന് ഗൃഹസ്ഥശിഷ്യനായ ടി.കെ. മാധവന്റെ നേതൃത്വത്തിൽ നടന്ന സഞ്ചാരസ്വാതന്ത്ര്യ സമരവും ആ ചരിത്രത്തിലെ ചില ഏടുകളാണ്. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്രപ്രവേശനത്തിന് അവകാശം സിദ്ധിച്ചെങ്കിലും ദേവസ്വം ബോർഡിന് കീഴിലുള്ള ചില ക്ഷേത്രങ്ങളിലെങ്കിലും ഇന്നും തുടരുന്ന ജാതി വിവേചനങ്ങളുടെ ഉദാഹരണം തിരുവാർപ്പിലുണ്ട്. അതിൽ ഒന്നാണ് ഉഷ:പായസം. ജാതിഭേദമെന്യേ കരക്കാരുടെ അവകാശം നേടിയെടുക്കാൻ മുന്നിട്ടിറങ്ങിയവർക്കും കേരളകൗമുദിയ്ക്കും പ്രത്യേക അഭിനന്ദനം.
- സജീഷ് കുമാർ മണലേൽ, എസ്.എൻ.ഡി.പി യോഗം
കോട്ടയം യൂണിയൻ കൗൺസിലർ