പാലാ: ക്ഷേത്രങ്ങളിൽ പൂജയെടുപ്പും വിദ്യാരംഭവും ഭക്തി നിർഭരമായി. നിരവധി കുരുന്നുകൾ അറിവിന്റെ ആദ്യക്ഷരം കുറിച്ചു.
ഏഴാച്ചേരി കാവിൻ പുറം ഉമാമഹേശ്വര ക്ഷേത്രത്തിൽ പ്രത്യേകം സരസ്വതീ മണ്ഡപം തീർത്തുള്ള ഗ്രന്ഥപൂജയും തൂലികാ പൂജയും ഇന്നലെ സമാപിച്ചു. രാവിലെ സരസ്വതീ മണ്ഡപത്തിൽ തൂലികാ പൂജയും സരസ്വതീ പൂജയും നടന്നു. തുടർന്ന് പൂജിച്ച പേനകൾ പ്രസാദമായി വിദ്യാർത്ഥികൾക്കു വിതരണം ചെയ്തു. മധുര ഫല മഹാ നിവേദ്യം വിശേഷാൽ പ്രസാദമായി വിതരണം ചെയ്തു.
പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീ ക്ഷേത്രത്തിൽ രാവിലെ പൂജയെടുപ്പും, ലിപി സരസ്വതീ പൂജയും തുടർന്ന് സംഗീതാർച്ചനയും നടന്നു. നിരവധി ഭക്തർ പങ്കെടുത്തു.
മുണ്ടക്കൊടിഇല്ലം ഹരികൃഷ്ണൻ നമ്പൂതിരി കുരുന്നുകൾക്ക് വിദ്യയുടെ ഹരി:ശ്രീ കുറിച്ചു. നവരാത്രി മണ്ഡപത്തിൽ സംഗീതസദസുകൾ നൃത്ത സന്ധ്യ എന്നിവ നടന്നു. ക്ഷേത്രം ഉപദേശക സമിതി ഭാരവാഹികളായ പരമേശ്വരൻ നായർ പുത്തൂർ, നാരായണൻകുട്ടി അരുൺ നിവാസ്,അഡ്വ.രാജേഷ് പല്ലാട്ട്,സബ് ഗ്രൂപ്പ് ഓഫീസർ വി.കെ.അശോക് കുമാർ എന്നിവർ നേതൃത്വം നൽകി.
കൊണ്ടാട് ഗുരുദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ 8ന് പൂജയെടുപ്പും , വിദ്യാരംഭവും എഴുത്തിനിരുത്തും നടന്നു. മേൽശാന്തി സന്ദീപ് ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു.
കിടങ്ങൂർ കല്ലമ്പള്ളി മഹാ സരസ്വതീ മഹാ ഭദ്രകാളീ ക്ഷേത്രത്തിൽ രാവിലെ ഗണപതി ഹോമം, 8.15ന് പൂജയെടുപ്പ് 10ന് കീർത്തനാലാപനം എന്നിവ ഉണ്ടായിരുന്നു.
വിളക്കുമാടം ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ 7.30ന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും നടന്നു.
കെഴുവംകുളം ശ്രീ നാരായണ ഗുരുദേവ ക്ഷേത്രത്തിൽ രാവിലെ 9 ന് പൂജയെടുപ്പ് 9.15ന് വിദ്യാരംഭവുമുണ്ടായിരുന്നു. മേൽശാന്തി മഹേശ്വരൻ പമ്പാവാലി നേതൃത്വം നൽകി.
ഇടപ്പാടി ആനന്ദ ഷൺമുഖ സ്വാമി ക്ഷേത്രം, പാലാ കടപ്പാട്ടൂർ മഹാദേവ ക്ഷേത്രം, ളാലം മഹാദേവ ക്ഷേത്രം, കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതീ ക്ഷേത്രം, ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുലിയന്നൂർ മഹാദേവക്ഷേത്രം, കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം, കിടങ്ങൂർ മഹാഗണപതി ക്ഷേത്രം, ഐങ്കൊമ്പ് പാറേക്കാവ് ഭഗവതീ ക്ഷേത്രം, പൈക ശ്രീ ചാമുണ്ഡേശ്വരീ ക്ഷേത്രം, പൂവരണി മഹാദേവ ക്ഷേത്രം, ഏഴാച്ചേരി ഒഴയ്ക്കാട്ട് കാവ് ഭഗവതീ ക്ഷേത്രം, വെള്ളിലാപ്പിള്ളി ശ്രീകാർത്യായനീ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലും വിശേഷാൽ പൂജകളോടെ പൂജയെടുപ്പും വിദ്യാരംഭവും നടന്നു.നിരവധി ഭക്തർ പങ്കെടുത്തു.