ഏറ്റുമാനൂർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണം വിട്ട് നാലു വാഹനങ്ങളിൽ ഇടിച്ചു. എം.സി.റോഡിൽ 101 കവല മുതൽ തവളക്കുഴി ജംഗ്ഷൻ വരെയുള്ള മൂന്ന് കിലോമീറ്ററിലാണ് മരണപ്പാച്ചിൽ നടത്തിയ ഇന്നോവ കാർ നാലു വാഹനങ്ങളിൽ ഇടിച്ചത്. ഭാഗ്യം കൊണ്ടു മാത്രമാണ് യാത്രക്കാർ വൻ ദുരന്തത്തിൽ നിന്നും രക്ഷപെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാറിലുണ്ടായിരുന്ന കടപ്പൂർ സ്വദേശിയും സ്വകാര്യബസ് ഡ്രൈവറുമായ അനൂപിനെ (27) ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്‌ടർ എ.ജെ തോമസ് അറസ്റ്റ് ചെയ്‌തു. ഡ്രൈവർ ഓടിരക്ഷപ്പെട്ടു. ഈരാറ്റുപേട്ട കാരയ്‌ക്കാട് നടയ്‌ക്കൽ വലിയവീട്ടിൽ ഷമീരിന്റെ ഉടമസ്ഥതയിലുള്ളതാണ് ഇന്നോവ കാർ. ഏറ്റുമാനൂർ ഓണംതുരുത്ത് തെക്കേതിൽ ബാബുവിന്റെ സ്വിഫ്റ്റ് കാർ, ഫോട്ടോ വൈഡ് മാഗസിൽ പത്രാധിപരും ഫോട്ടോ ജേണലിസ്റ്റുമായ എ.പി ജോയിയുടെ ഐ ട്വന്റി കാർ, ടോറസ് ലോറി, ബൈക്ക് എന്നിവയിലാണ് ഇന്നോവ ഇടിച്ചത്.
തിങ്കളാഴ്‌ച രാത്രി ഒൻപത് മണിയോടെ എം.സി റോഡിൽ ഏറ്റുമാനൂരിലായിരുന്നു കൂട്ട ഇടിയുണ്ടായത്. ഏറ്റുമാനൂർ 101 കവലയിൽ വച്ച് ആദ്യം ഒരു ബൈക്കിൽ ഇന്നോവ ഇടിച്ചു. അപകടമുണ്ടായിട്ടും നിറുത്താതെ പാഞ്ഞ കാർ പിന്നീട് പടിഞ്ഞാറേ നടയിൽ വഴിയരികിൽ പാർക്ക് ചെയ്‌തിരുന്ന മാരുതി സ്വിഫ്റ്ര് കാറിന്റെ പിന്നിലിടിച്ചു. ഇവിടെ നിന്നും പോയ കാർ തവളക്കുഴി ജംഗ്ഷനിൽ വച്ച് ടോറസ് ലോറിയുടെ പിന്നിലിടിച്ചു. ഈ ഇടിയിൽ ഇന്നോവയുടെ മുന്നിലെ വലത് വശത്തെ ടയർ ഊരിത്തെറിച്ചു.
ടയർ ഊരിത്തെറിച്ച ശേഷം റോഡിലൂടെ ഉരഞ്ഞ് നീങ്ങിയ കാർ , എതിർ ദിശയിൽ നിന്നും എത്തിയ ഹുണ്ടായി കാറിന്റെ ഒരു വശം തകർത്താണ് നിന്നത്. അമിത വേഗത്തിൽ ഇന്നോവ പാഞ്ഞ് വരുന്നത് കണ്ട് കാർ ഓടിച്ചിരുന്ന എ.പി ജോയി ഒരു വശത്തേയ്‌ക്ക് ഒതുക്കിയതിനാൽ വൻ അപകടം ഉണ്ടായില്ല. കാർ മുന്നോട്ട് നീങ്ങില്ലെന്ന് കണ്ടതോടെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച ശേഷം ഇറങ്ങിയോടി. ഈ സമയം കാറിനുള്ളിലുണ്ടായിരുന്ന അനൂപിനെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി.
തവളക്കുഴിയിലെ അപകടത്തെതുടർന്ന് ഒരു മണിക്കൂറോളം എം.സി.റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. സ്ഥലത്തെത്തിയ ഏറ്റുമാനൂർ പൊലീസ് ക്രയിൻ വിളിച്ചുവരുത്തിയാണ് കാർ നീക്കം ചെയ്തത്. നിരന്തരം അപകടമുണ്ടായിട്ടും കാർ നിർത്താതെ പാഞ്ഞതും തവളക്കുഴിയിൽ നിന്ന് കാറിലുണ്ടായിരുന്ന ഒരാൾ ഇറങ്ങിയോടിയതും ദുരൂഹതയുളവാക്കുന്നതായി നാട്ടുകാർ പറയുന്നു.