1

കണമല : കണമല മാക്കൽ കവലയിലെ കുട്ടികൾക്ക് ഇപ്പോൾ അംഗൻവാടിയിലേക്ക് പോകാൻ ഉത്സാഹമാണ്. ക്ലാസ്സിൽ പോകുമ്പോഴുള്ള കരച്ചിലില്ല ,ബഹളമില്ല ,അമ്മമാർക്ക് സന്തോഷവും .ഇടിഞ്ഞുവീഴാറായ അംഗൻവാടി കെട്ടിടം മോഡേൺ കിഡ്‌സ് സ്‌കൂൾ മാതൃകയിലാണ് പണികൾ നടത്തി രൂപഭംഗി നൽകി മാറ്റിയെടുത്തത്.

ശിശു സൗഹൃദ മോഡലിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തി നവീകരിച്ചതിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11 ന് വാർഡ് അംഗം അനീഷ് വാഴയിൽ നിർവഹിക്കും. തോമസ് പതിപ്പള്ളി അദ്ധ്യക്ഷത വഹിക്കും. എരുമേലി പോലീസ് സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ ക്ലാസ് നയിക്കും. കണമല സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. ബിനോയ് മങ്കന്താനം മുഖ്യ പ്രസംഗം നടത്തും. കാഞ്ഞിരപ്പള്ളി ഐ.സി.ഡി.എസ് ഓഫീസർ മിനി ജോസഫ്, റിട്ട. ഹെഡ് മാസ്റ്റർ ബേബി കണ്ടത്തിൽ, കെ കെ പോൾ, കണമല ക്ഷീരോത്പാദക സംഘം പ്രസിഡന്റ് തോമസ് പ്ലവനാക്കുഴി, മുൻ വാർഡംഗം ജെസി ജോസഫ്, എം ലിസിക്കുട്ടി, അംഗൻവാടി വർക്കർ വി കെ അനിത തുടങ്ങിയവർ സംസാരിക്കും.

 ആരേയും അതിശയിപ്പിക്കുന്ന രൂപഭംഗി

മുമ്പ് ഇതുവഴി പോയവരൊക്കെ കണ്ടത് പഴക്കം ചെന്ന അംഗൻവാടി കെട്ടിടമായിരുന്നെങ്കിൽ ഇപ്പോൾ അവരൊക്കെ നോക്കുന്നത് അതിശയം നിറഞ്ഞ കണ്ണുകളോടെ. അറ്റകുറ്റപ്പണിക്ക് കിട്ടിയ രണ്ട് ലക്ഷം രൂപ കൊണ്ട്
ആകർഷകമായ രൂപഭംഗിയിൽ നിർമാണം നടത്തിയതാണ് അംഗൻവാടിയെ മാറ്റിമറിച്ചത്. ചിത്രങ്ങൾ ചുവരുകളിൽ വരച്ച് വർണശബളമാക്കി. മേൽക്കൂര സീലിംഗ് ചെയ്തു. കളിക്കോപ്പുകളും മുറികളിൽ സജ്ജീകരിച്ചു. മാറ്റത്തിന്റെ പിന്നിലെ ആശയം വാർഡ് മെമ്പർ അനീഷിന്റേതായിരുന്നു. ഇന്ന് കെട്ടിട ഉദ്ഘാടനം ഗംഭീരമാക്കാൻ നാട്ടുകാരും മുന്നിട്ടിറങ്ങിയിരിക്കുകയാണ്.