dalavakulam

വൈക്കം: ദളവാക്കുളം ബസ് ടെർമിനലിന് മുന്നിൽ കഴിഞ്ഞ ദിവസം ബസിൽ നിന്നിറങ്ങുകയായിരുന്ന വൃദ്ധ ബസിന്റെ പിൻചക്രം കയറിയിറങ്ങി ദാരുണമായി മരിച്ചതിന് പിന്നിൽ ബസ് ജീവനക്കാരുടെ അശ്രദ്ധയെന്ന് ആരോപണമുയരുന്നു. അയ്യർകുളങ്ങര കൊച്ചുതറയിൽ വസുമതി (77) ആണ് മരിച്ചത്. വസുമതി ഇറങ്ങവേ ബസ് മുന്നോട്ടെടുക്കുകയും ചക്രത്തിനടിയിൽ പെടുകയുമായിരുന്നെന്ന് സംഭവസ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ പറഞ്ഞു. ദളവാക്കുളം ബസ് ടെർമിനലിന്റെ പുറത്തേക്കും അകത്തേക്കുമുള്ള രണ്ട് കവാടങ്ങൾക്കിടയിൽ റോഡിലാണ് അപകടമുണ്ടായത്. അപകടമുണ്ടാക്കിയ പ്രിയദർശിനി ബസ് ടെർമിനലിൽ കയറാതെ പുറത്ത് റോഡിൽ ആളെ ഇറക്കി തിരക്കിട്ട് പോകാനൊരുങ്ങുകയായിരുന്നു. നഗരത്തിൽ രണ്ട് വർഷം മുൻപ് വൺവേ കർശനമാക്കിയതോടെയാണ് രണ്ട് പതിറ്റാണ്ടിലേറെയായി മാറി മാറി വന്ന നഗരഭരണകർത്താക്കളെല്ലാം ശ്രമിച്ചിട്ടും അവഗണിക്കപ്പെട്ടു കിടന്നിരുന്ന ദളവാക്കുളം ബസ് ടെർമിനൽ സജീവമായത്. വൈക്കത്തുനിന്ന് സർവീസ് ആരംഭിക്കുന്ന സ്വകാര്യ ബസുകളെല്ലാം ഇവിടെ നിന്ന് സർവീസ് ഇവിടെ ആരംഭിച്ച് ഇവിടെ തന്നെ അവസാനിപ്പിക്കണമെന്നും കെ. എസ്. ആർ. ടി. സി. അടക്കം വൈക്കം വഴി സർവീസ് നടത്തുന്ന എല്ലാ സർവീസുകളും ദളവാക്കുളത്ത് കയറി ആളെ കയറ്റി ഇറക്കണമെന്നുമാണ് വ്യവസ്ഥ. പല ബസുകളും ഇത് പാലിക്കാറില്ല. ലിമിറ്റഡ് സ്റ്റോപ്പ് സ്വകാര്യ സർവീസുകളും കെ. എസ്. ആർ. ടി. സി. യുമാണ് ഏറെയും ടെർമിനലിൽ കയറാതെ പോവുക.


അപകടം ക്ഷണിച്ചു വരുത്താൻ കാത്തിരുപ്പ് കേന്ദ്രം

നഗരസഭ അടുത്തിടെ ദളവാക്കുളം ബസ് ടെർമിനലിൽ പണി കഴിപ്പിച്ച കാത്തിരുപ്പ് കേന്ദ്രം ടെർമിനലിൽ കയറാതെ പോകുന്ന ബസുകളെ പ്രോത്സാഹിപ്പിക്കുന്നതും അപകടം ക്ഷണിച്ച് വരുത്തുന്നതുമാണ്. ടെർമിനലിന്റെ രണ്ട് കവാടങ്ങൾക്കിടയിൽ റോഡിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്ന കാത്തിരുപ്പ് കേന്ദ്രം ടെർമിനലിലേക്കും റോഡിലേക്കും ഒരേപോലെ തുറന്നാണിരിക്കുന്നത്. ടെർമിനലിനകത്ത് കയറ്റി നിർത്തുന്ന ബസിലേക്കും റോഡിൽ നിർത്തുന്ന ബസിലേക്കും ഒരേപോലെ കയറാം. ടെർമിനലിൽ കയറാതെ പോകുന്ന ബസുകൾ കാത്തിരുപ്പ് കേന്ദ്രത്തിന് എതിർവശത്താണ് നിറുത്തുക. ബസിൽ കയറാൻ യാത്രക്കാർ തിടുക്കത്തിൽ റോഡ് മുറിച്ച് കടക്കുമ്പോൾ അപകട സാദ്ധ്യത ഏറെയാണ്. കാത്തിരുപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം അശാസ്ത്രീയമാണെന്നാണ് പരക്കെ ആരോപണമുയരുന്നത്. ശക്തമായ ഒരു മഴ പെയ്താൽ ഒരാൾക്ക് പോലും ഇവിടെ നനയാതെ നിൽക്കാനാവില്ല.


പി.ശശിധരൻ
നഗരസഭ ചെയർമാൻ)

നഗരത്തിൽ ഇന്ന് മുതൽ വൺവേ കർശനമാക്കും. ദളവാക്കുളം ബസ് ടെർമിനലിൽ കയറാത്ത ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. ഗതാഗത തടസവും അപകട സാദ്ധ്യതയും സൃഷ്ടിക്കുന്ന അനധികൃത പാർക്കിംഗ് നിയന്ത്രിക്കും. അധികൃത ഓട്ടോ, ടാക്‌സി സ്റ്റാന്റുകൾ അനുവദിക്കില്ല. രണ്ടാഴ്ച മുൻപ് നഗരസഭയിൽ ചേർന്ന ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വൺവേ കർശനമാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു.