രാജാക്കാട് : സുഹൃത്തിന്റെ മരണാനന്തരച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച ബൈക്കും ബൈക്ക് ബൊലീറോയും ഇടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രാജാക്കാട് കുരങ്ങുപാറ വെട്ടിക്കാട്ട് വിജയൻ- പുഷ്പ ദമ്പതികളുടെ മകൻ പ്രിൻസ് (35), തെക്കേപ്പറമ്പിൽ പരേതനായ വിൽസൺ -ശോഭന ദമ്പതികളുടെ മകൻ അജീഷ് (35) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച പകൽ ഒന്നരയോടെയാണ് അപകടം നടന്നത്. പനച്ചിക്കുഴിയിൽ സുഹൃത്തിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തശേഷം ബൈക്കിൽ രാജാക്കാടിന് വരുന്നതിനിടെ മുല്ലക്കാനം എസ്റ്റേറ്റ് ഭാഗത്ത് വച്ച് എതിരെ വന്ന ബൊലീറോയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നും ദൂരേക്ക് തെറിച്ചു വീണു. നാട്ടുകാർ ഇരുവരെയും രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണ.മടഞ്ഞു. രാജാക്കട് സി. ഐ എച്ച്. എൽ ഹണിയുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുത്രിയിലേക്ക് മാറ്റി.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണ്ണമായി തകർന്നു. ആനച്ചാലിൽ ബേക്കറി സാധനങ്ങൾ നിർമ്മിക്കുന്ന ജോലിയാണ് അജീഷിന്. കൃഷിപ്പണിക്കാരനാണ് പ്രിൻസ്.
അജേഷിന്റെ ഭാര്യ മായ മുല്ലക്കാനം തകരപ്പറമ്പിൽ കുടുംബാംഗമാണ്. ഏക മകൾ അക്ഷര (4). സഹോദരി അഞ്ജു. പ്രിൻസ് അവിവാഹിതനാണ്. സഹോദരിമാർ പ്രിയ, ഇന്ദു. ഇരുവരുടെയും സംസ്‌കാരം നടത്തി.