കോട്ടയം: തീരദേശ പരിപാലന നിയമം ലംഘിച്ച് കോട്ടയത്ത് 30 നിർമാണങ്ങൾ. മരടിലെ അനധികൃത ഫ്ലാറ്റുകൾ പൊളിച്ചതുപോലെ ഇവ പൊളിക്കേണ്ടിവരുമെന്ന് അധികൃതർ കണ്ടെത്തിയെങ്കിലും 'വേലിയേറ്റവും വേലിയിറക്കവും വരുന്നിടത്തു നിർമിച്ച കെട്ടിടങ്ങൾക്കാണ് നിയമം ബാധക"മെന്ന പഴുതുപയോഗിച്ച് വേണ്ടപ്പെട്ടവരെ വേണ്ട രീതിയിൽ കണ്ട് കൈയേറ്റക്കാർ അനധികൃത നിർമാണങ്ങൾക്ക് ക്ലീൻ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു.
തീരദേശപരിപാലനനിയമം ബാധകമാകാത്ത തരത്തിൽ തണ്ണീർമുക്കം ബണ്ടിനിപ്പുറം വേലിയേറ്റവും വേലിയിറക്കവും കുറവാണെന്നാണ് വ്യാഖ്യാനം. കോട്ടയത്തെ കൈയേറ്റങ്ങളിലേറെയും കുമരകം,അയ്മനം പഞ്ചായത്തുകളിൽ വേമ്പനാട്ടു കായലിന്റെ ഈ ഭാഗങ്ങളിലാണ് . വാഗമൺ മുതൽ കോട്ടയം വരെ മീനച്ചിലാറിന്റെ തീരത്ത് നിരവധി കൈയേറ്റങ്ങൾ ഉണ്ടെങ്കിലും നിയമം ഇവിടെയും ബാധകമല്ലെന്നാണ് വിലയിരുത്തൽ.
ഏഴ് റിസോർട്ടുകളും മൂന്ന് ക്‌ളബ്ബുകളും 15 ഏക്കറിലേറെ കായൽ ഭൂമി കൈയേറിയെന്നായിരുന്നു റവന്യൂ വകുപ്പിന്റെ കണ്ടെത്തൽ. നിരാമയ റിട്രീറ്റ്, ലേക്ക് റിസോർട്ട്, കൊക്കോബെ റിസോർട്ട് എന്നിവയുടെ കൈയേറ്റം സംബന്ധിച്ച് കേസുകൾ കോടതിയിലാണ്. കുമരകം പഞ്ചായത്ത് ഒന്നാം വാർഡിൽ പുതുതായി നിർമ്മിച്ച റിസോർട്ടിലും വില്ലേജ് അധികൃതർ നടത്തിയ പരിശോധനയിൽ കൈയേറ്റം കണ്ടെത്തിയിരുന്നു. ദേശീയ തലത്തിൽ സ്വാധീനമുള്ള വൻകിട ഗ്രൂപ്പുകൾ നടത്തിയ കൈയേറ്റമായതിനാൽ ഉന്നത ഇടപെടൽ കാരണം തുടർ നടപടി ഉണ്ടാകുന്നില്ലെന്നു മാത്രം. കഴിഞ്ഞ ഫെബ്രുവരിയിൽ റവന്യൂ, ജലസേചനം, കൃഷി വകുപ്പുകളും കുമരകം പഞ്ചായത്ത് അധികൃതരും സംയുക്ത യോഗം ചേർന്ന് കൈയേറ്റം ഒഴിപ്പിക്കാൻ തീരുമാനം എടുത്തെങ്കിലും തുടർ നടപടികൾ മരവിപ്പിച്ചു.
അന്താരാഷ്ട്ര പ്രാധാന്യമുളള തണ്ണീർത്തടം
റാംസാർ ഉടമ്പടി പ്രകാരം അന്താരാഷ്ട്ര പ്രാധാന്യമുളള തണ്ണീർത്തടമാണ് കുമരകം ഉൾപ്പെടുന്ന വേമ്പനാട്ട് കായലിന്റെ തീരപ്രദേശം. റോഡ് നിർമാണം,ജലമലിനീകരണം, വയൽ നികത്തൽ എന്നിവയ്ക്ക് കർശനമായ നിയന്ത്രണം കുമരകം മേഖലയിലുണ്ട്. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുമരകത്തെ കായൽ കൈയേറ്റം കണ്ടെത്തിയത്.
കൈയേറ്റങ്ങൾ
അബാദ് ഹോട്ടൽ -19 സെന്റ്
കോട്ടയം ക്‌ളബ് - 69 സെന്റ്
കോട്ടയം സെയിലിംഗ് ക്‌ളബ് - 49 സെന്റ്
ബാക്ക് വാട്ടർ റിപ്പിൾസ് -88സെന്റ്
സൂരി റിസോർട്ട്-12 സെന്റ്
ലേക്ക് റിസോർട്ട് -13 ഏക്കർ
രാമവർമ യൂണിയൻ ക്‌ളബ് -01 ഹെക്ടർ
ലേക്ക് സോംഗ് റിസോർട്ട് -02 ഹെക്ടർ
കോക്കോബേ റിസോർട്ട് -01 ഹെക്ടർ
കൈയേറിയത്
15
ഏക്കറിലേറെ