കോട്ടയം: ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളിൽ വിജയദശമിയോടനുബന്ധിച്ച് കുട്ടികളെ എഴുത്തിനിരുത്തി. പനച്ചിക്കാട് ദക്ഷിണമൂകാംബി, കോട്ടയം നാഗമ്പടം ശ്രീമഹാദേവക്ഷേത്രം, കല്ലറ ശ്രീശാരദാക്ഷേത്രം, കുമാരനല്ലൂർ ദേവിക്ഷേത്രം, തിരുനക്കര ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിലെല്ലാം രാവിലെ മുതൽ വൻതിരക്കാണ് അനുഭവപ്പെട്ടത്.

കോട്ടയം നാഗമ്പടം ശ്രീമഹാദേവക്ഷേത്രത്തിൽ എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയനും കേരളകൗമുദിയും സംയുക്തമായി സംഘടിപ്പിച്ച വിദ്യാരംഭ ചടങ്ങുകൾക്ക് കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ മുഖ്യകാർമികത്വം വഹിച്ചു. ശ്രീനാരായണ ട്രസ്റ്റ് എക്സിക്യൂട്ടീവ് അംഗം എ.ജി. തങ്കപ്പൻ, പ്രശസ്ത കർണാടക സംഗീതജ്ഞ മാതംഗി സത്യമൂത്തി എന്നിവരും വിദ്യാരംഭചടങ്ങിൽ ആചാര്യന്മാരായി. ശ്രീനാരായണഗുരുദേവന്റെ പാദസ്പർശത്താൽ പവിത്രമായ മണ്ണിൽ രാവിലെ ഗുരുപൂജ, ശാരദപൂജ എന്നിവയ്ക്ക് ശേഷം ഗുരുമണ്ഡപത്തിൽ തയ്യാറാക്കിയ പ്രത്യേകം വേദിയിലാണ് കുരുന്നുകളെ എഴുത്തിനിരുത്തിയത്. മാതംഗി സത്യമൂർത്തി സരസ്വതിവന്ദനവും അയ്മനം ഗിരിജപ്രസാദിന്റെ ശിഷ്യരായ കെ.എസ്. ശ്രുതി, ബിനു ബൈജു എന്നിവരുടെ വീണക്കച്ചേരിയും വിദ്യാരംഭ ചടങ്ങുകളുടെ മാറ്റുകൂട്ടി. വീണക്കച്ചേരിയിൽ നാട്ടകം ഗവ. കോളേജ് എം.എസ്.സി ജിയോളജി വിദ്യാർത്ഥി അക്ഷയ് പ്രതാപൻ മൃദംഗവും, കുമരകം എസ്.കെ.എം പബ്ലിക് സ്കൂൾ 9ാം ക്ലാസ് വിദ്യാർത്ഥി ഘടവും വായിച്ചു.

എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു, സെക്രട്ടറി ആർ. രാജീവ്, യോഗം ഡയറക്ടർബോർഡ് അംഗം അഡ്വ. കെ.എ. പ്രസാദ്, യൂണിയൻ കൗൺസിലർമാരായ സജീഷ് കുമാർ മണലേൽ, എ.ബി പ്രസാദ് കുമാർ, കേരളകൗമുദി യൂണിറ്റ്ചീഫ് ആർ.ബാബുരാജ് തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ആദ്യാക്ഷരം കുറിക്കാനെത്തിയ കുട്ടികൾക്ക് ഗൃഹോപകരണ രംഗത്തെ പ്രമുഖ കമ്പനിയായ കോനാട്ട് ഗ്രൂപ്പ് സ്പോൺസർ ചെയ്ത സമ്മാനപ്പൊതികളും വിതരണം ചെയ്തു. കോട്ടയം എസ്.എൻ.ഡി.പി യോഗം, ചങ്ങനാശ്ശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്,​ രാജശ്രീ പ്രണവം,​ സുരേഷ് എസ്.ആർ.ബുക്സ്,​ സുരേഷ് പിണഞ്ചിറക്കുഴി എന്നിവർ സ്പോൺസർമാരായിരുന്നു.

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ പുലർച്ചെ 4ന് വിദ്യാരംഭചടങ്ങുകൾ ആരംഭിച്ചു. ആയിരക്കണക്കിന് കുട്ടികൾ പനച്ചിക്കാട് ക്ഷേത്രത്തിലെത്തി ആദ്യാക്ഷരം കുറിച്ചു. വിദ്യാദേവതയായ പനച്ചിക്കാട്ട് അമ്മയുടെ സന്നിധിയിൽ വർഷംമുഴുവൻ കുട്ടികളെ എഴുത്തിനിരുത്തുന്ന രീതിയുമുണ്ട്. ഇന്നലെ അതിരാവിലെ തുടങ്ങിയ തിരക്ക് ഉച്ചവരെ തുടർന്നു. പുലർച്ചെ 4ന് സഹസ്രനാമജപത്തോടെ ഉണർന്ന കലാമണ്ഡപത്തിൽ 5ന് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിച്ച മാനസജപലഹരി, 6.30ന് ചിങ്ങവനം അഭിലാഷ് രാമയും സംഘവും അവതരിപ്പിച്ച ഹിന്ദുസ്ഥാനി ഭജൻസ്, 7.30ന് കോട്ടയം സുരേഷിന്റെ ഭക്തിഗാനമഞ്ജരി എന്നിവയ്ക്ക് പുറമെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 51 കലാകാരന്മാരുടെ സംഗീതാർച്ചനയും ഉണ്ടായിരുന്നു. വൈകിട്ട് ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം തുടങ്ങി നൃത്തരൂപങ്ങളും അരങ്ങേറി.