കോട്ടയം: ബോട്ടോടിത്തുടങ്ങിയതോടെ ജല ഗതാഗത വകുപ്പിന്റെ കീശയിൽ പണക്കിലുക്കം. തടസങ്ങളെല്ലാം തട്ടിമാറ്റി കോടിമതയിലേയ്‌ക്ക് ബോട്ട് എത്തിയതോടെയാണ് അവധി ദിവസങ്ങളിൽ യാത്രക്കാർ രണ്ടു കയ്യും നീട്ടി ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടിനെ സ്വീകരിച്ചത്. അവധി ദിവസങ്ങളായ ഞായറാഴ്‌ചയും, തിങ്കളാഴ്‌ചയുമായി 25,800 രൂപയാണ് കോടിമതയിൽ നിന്നുള്ള ബോട്ട് സർവീസിൽ നിന്നു മാത്രം ലഭിച്ചത്. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ നിലവിലെ ചെറിയ ബോട്ടിനു പകരം തടിബോട്ട് ഇറക്കാനാണ് ആലോചിക്കുന്നത്. അവധി ദിവസത്തിൽ കായൽ യാത്ര നടത്തുന്നതിനായി കൂട്ടത്തോടെ കുടുംബങ്ങൾ എത്തിയതാണ് ബോട്ട് സർവീസിന്റെ വരുമാനത്തിൽ വർദ്ധനവുണ്ടാക്കിയത്.
ബോട്ട് സർവീസ് ആരംഭിച്ച ഒന്നാം തീയതി അയ്യായിരം രൂപയായിരുന്നു വരുമാനം. പിന്നീട്, ഓരോ ദിവസവും വരുമാനം കൃത്യമായി വർദ്ധിച്ചു. കോട്ടയത്തു നിന്നും ആലപ്പുഴയ്‌ക്ക് സർവീസ് നടത്തുന്ന രണ്ടു ബോട്ടുകളുടെ മാത്രം വരുമാനത്തിന്റെ കണക്കാണ് ഇത്. തിരികെ സർവീസ് നടത്തുന്ന ബോട്ടിന്റെ കൂടി വരുമാനം കണക്ക് കൂട്ടിയാൽ നിരക്ക് വീണ്ടും കൂടും. രാവിലെ 11.30നും ഉച്ചക്ക് ഒന്നിനും പുറപ്പെടുന്ന ബോട്ടിലാണ് യാത്രക്കാർ ഏറെയുള്ളത്.
വരുമാനം ഇങ്ങനെ
ഒക്ടോബർ 01 - 5200
ഒക്ടോബർ 02 - 5600
ഒക്ടോബർ 03 - 6700
ഒക്ടോബർ 04 - 7200
ഒക്ടോബർ 05 - 10,000
ഒക്ടോബർ 06 - 12,300
ഒക്ടോബർ 07 - 13500
സമയം ഇങ്ങനെ
കോട്ടയം
രാവിലെ - 6.45
രാവിലെ - 11.30
ഉച്ചക്ക് - 01.00
വൈകീട്ട് - 3.30
വൈകിട്ട് - 5.15
ആലപ്പുഴ
രാവിലെ - 7.15
രാവിലെ - 9.15
രാവിലെ - 11.30
ഉച്ചക്ക് - 2.15
വൈകീട്ട് - 5.15
രാത്രി 9.15നുള്ള സർവിസ് കാഞ്ഞിരം ജെട്ടിയിൽ അവസാനിപ്പിക്കും.