കോട്ടയം: കറുകച്ചാലിൽ വ്യാപാരിയെ കുത്തിവീഴ്ത്തി അരലക്ഷത്തോളം രൂപയും സ്വർണ്ണമാലയും കവർന്ന കേസിൽ മൂന്നു യുവാക്കൾ പിടിയിൽ. കങ്ങഴ കൊറ്റൻചിറ തകിടിയേൽ അബിൻ (21), വെള്ളാവൂർ ചെറുവള്ളി വാഹനാനി ഹരീഷ് (24), വെള്ളാവൂർ താഴത്തുവടകര നെയ്യുണ്ണിൽ ജോബിൻ ജോസഫ് (21) എന്നിവരെയാണ് കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഞായറാഴ്‌ച രാത്രി പത്തരയോടെയാണ് കറുകച്ചാൽ ഇടയരിക്കപ്പുഴയിൽ വ്യാപാരിയായ ബേബിക്കുട്ടിയെ വീട്ടിലേയ്‌ക്കുള്ള വഴിയിൽ വച്ച് അക്രമി സംഘം കുത്തി വീഴ്‌ത്തി അരലക്ഷത്തോളം രൂപയും സ്വർണമാലയും കവർന്നത്. ബേബിക്കുട്ടി ആബോധാവസ്ഥയിൽ ചികിൽസയിൽ കഴിയുന്നതിനാൽ കേസ് അന്വേഷണത്തെ ബാധിച്ചിരുന്നു. തുടർന്ന് സമാന രീതിയിൽ മോഷണം നടത്തിയ പ്രതികളുടെ പട്ടിക പൊലീസ് ശേഖരിക്കുകയായിരുന്നു. ഇതിൽ നിന്ന് അബിനും ഹരീഷും ജോബിനും അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയതായി കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇവർ സംഭവദിവസം കറുകച്ചാൽ ഭാഗത്തുണ്ടായിരുന്നുവെന്നും വ്യക്തമായി. തുടർന്ന് കഞ്ചാവ് വിൽപ്പനക്കാരെന്ന വ്യാജേന പൊലീസ് പ്രതികളെ ബന്ധപ്പെടുകയായിരുന്നു. ഇന്നലെ പുലർച്ചെ കറുകച്ചാൽ ടൗണിൽ എത്തിയ പ്രതികളെ പൊലീസ് സംഘം സാഹസികമായി പിടികൂടി.
വധശ്രമവും മോഷണവും കഞ്ചാവ് കച്ചവടവും അടക്കമുള്ള കേസുകളിൽ പ്രതികളാണ് ഇവരെല്ലാം. തമിഴ്‌നാട്ടിൽ അടക്കം ഇവർക്കെതിരെ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ജില്ലാ പൊലീസ് മേധാവി പി.എസ് സാബു, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ്‌കുമാർ, കറുകച്ചാൽ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സലിം, എസ്.ഐ രാജേഷ്‌കുമാർ, ജില്ലാ പൊലീസ് മേധാവിയുടെ ഷാഡോ പൊലീസ് സംഘാംഗങ്ങളായ എ.എസ്.ഐ ഷിബുക്കുട്ടൻ, സി.പി. ഒമാരായ ശ്യാം എസ്.നായർ, സ്വരാജ്, വിനീത്, ആന്റണി, സഞ്‌ജോ, രാജഗോപാൽ എന്നിവരാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.