ചങ്ങനാശ്ശേരി. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ. ഫ്രാൻസിൽ ജോലി വാഗ്ദാനം ചെയ്ത് രാമങ്കരി സ്വദേശി അനിൽകുമാറിൽ നിന്നും 6.56 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ പുനലൂർ കരവാളൂർ ആലക്കുന്നിൽ സജിമോൻ ബേബിയെ ആണ് (44) പൊലീസ് അറസ്റ്റ് ചെയ്തത്. 2017ൽ ആണ് കേസിനാസ്പദമായ സംഭവം. സൗദി അറേബ്യയിൽ സജിമോനൊപ്പം ജോലി ചെയ്തിരുന്ന അനിൽകുമാറിനു ഫ്രാൻസിൽ കൂടുതൽ ശമ്പളത്തിൽ ജോലി വാങ്ങി നൽകാമെന്ന് വാഗ്ദാനം നൽകിയാണ് സജിമോൻ ലക്ഷങ്ങൾ കൈക്കലാക്കിയത്. ഈ സമയം വിദേശത്തായിരുന്ന അനിൽകുമാർ നാട്ടിൽ ഭാര്യ രാജലക്ഷ്മി മുഖേന ചങ്ങനാശ്ശേരി സൗത്ത് ഇൻഡ്യൻ ബാങ്ക് ബ്രാഞ്ചിൽ നിന്നും തവണകളായി സജിമോൻ നൽകിയ പുനലൂരുള്ള ബാങ്ക് അക്കൗണ്ടിലേക്കാണ് പണം കൈമാറിയത്. ജോലിക്കാര്യം അന്വേഷിക്കുമ്പോൾ രണ്ടു വർഷമായിട്ടും പലതും പറഞ്ഞ് സജിമോൻ അനിൽകുമാറിനെ ഒഴിവാക്കുകയായിരുന്നു. തുടർന്ന് നാട്ടിലെത്തിയ അനിൽകുമാർ ചങ്ങനാശേരി പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം എസ്.പി മുഖേന സജിമോനെതിരെ നെടുമ്പാശ്ശേരി എമിഗ്രേഷനിലേക്ക് ലുക്ക് ഔട്ട് സർക്കുലർ കൈമാറിയിരുന്നു. ഞായറാഴ്ച പുലർച്ചെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സൗദി അറേബ്യയിൽ നിന്നും വന്നിറങ്ങിയ സജിമോനെ നെടുമ്പാശേരി പൊലീസ് തടഞ്ഞു വച്ചു. വിവരം ചങ്ങനാശേരി പൊലീസിൽ അറിയിച്ചു. ഇതേ തുടർന്ന് പൊലീസ് നെടുമ്പാശ്ശേരിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോട്ടയം എസ്.പി പി.എസ് സാബു, ചങ്ങനാശേരി ഡിവൈ.എസ്.പി എസ്. സുരേഷ്, സി.ഐ പി.വി മനോജ്കുമാർ, എസ്.ഐ പി.എൻ കൃഷ്ണൻകുട്ടി, സി.പി.ഒമാരായ സിജു കെ.കൈമൾ, ആർ.രാജീവ്, അമ്പാടി, മിഥുൻ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി.