പാലാ: കിടങ്ങൂർ പഞ്ചായത്തിലെ പാദുവ പെരുമ്പുഴ പാടശേഖരത്തിലെ തെങ്ങുംതോപ്പിൽ രാത്രിയും പകലുമായി മാരകമായ കളനാശിനിയടിച്ചതിനെത്തുടർന്ന പ്രദേശവാസികൾക്ക് ശ്വാസംമുട്ടലും ശാരീരിക അസ്വാസ്ഥ്യവുമുണ്ടായ സംഭവത്തിൽ കൃഷി അസിസ്റ്റന്റ് ഡയറക്ടർ സംഭവസ്ഥലം പരിശോധിച്ചു. കളനാശിനിയടിച്ചതിനെത്തുടർന്ന് പരിസരവാസികളെ കണ്ട് അവർക്കുണ്ടായ ശാരീരിക അസ്വസ്ഥതകൾ സംബന്ധിച്ച് വിശദമായ മൊഴിയെടുത്തു.സമീപത്തുള്ള പാദുവ കുടിവെള്ള പദ്ധതിയുടെ കുടിവെള്ളകിണറിൽ കളനാശിനിയിലെ വിഷാംശം എത്താനുള്ള സാദ്ധ്യത സംബന്ധിച്ചും അന്വേഷിച്ചു. സ്ഥലമുടമയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. കളനാശിനി എവിടെനിന്ന് ലഭിച്ചുവെന്നത് സംബന്ധിച്ചും ഏതെന്നും കണ്ടെത്താനുളള അന്വേഷണവും ആരംഭിച്ചു. മണ്ണും പരിശോധിക്കും. കളനാശിനിയടിച്ച തൊഴിലാളികളോട് അത് വാങ്ങിയതിന്റെ ബില്ലും ഉപയോഗിച്ചതിന്റെ ബാക്കിയും ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. കളനാശിനിയടിച്ച ശേഷം രണ്ട് ദിവസം കഴിഞ്ഞ്‌ തൊഴിലാളികൾ പേരിന് സ്ഥാപിച്ച കടലാസ് മുന്നറിയിപ്പ് ബോർഡ് മാഞ്ഞനിലയിൽ താഴെ വീണ് കിടന്നതും സംഘം പരിശോധിച്ചു.പാമ്പാടി കൃഷി അസിസ്റ്റന്റ് ഡയറക്ടർ റീന,കിടങ്ങൂർ കൃഷി ഓഫീസർ നീതുതോമസ്,കൃഷി അസിസ്റ്റന്റ് കെ.ആർ ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച ഉച്ചയോടെ തെങ്ങുംതോപ്പിലെത്തി പരിശോധിച്ചത്.ക ഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിലും പിറ്റേന്നുമായാണ് തെങ്ങും തോപ്പിൽ കളനാശിനി പ്രയോഗിച്ചത്. സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് കോട്ടയം പ്രിൻസിപ്പൽ കൃഷി ഓഫീസർ ആവശ്യപ്പെട്ടിരുന്നു.ഇത് പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട് കൃഷി അസിസ്റ്റന്റ് ഡയറക്ടർ സമർപ്പിക്കും. ഇതോടൊപ്പം കോട്ടയം ഡി.എം.ഒ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പിന്റെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.