ചങ്ങനാശേരി : രാഷ്ട്രീയസാഹചര്യങ്ങളും സാമുദായിക സമവാക്യങ്ങളും കണക്കിലെടുത്ത് അടിസ്ഥാനമൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി ഉപതിരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിക്കുമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. അത് എങ്ങനെയാകണമെന്ന് സമുദായാംഗങ്ങൾക്ക് നല്ലതുപോലെ അറിയാം. ചങ്ങനാശേരി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ വിജയദശമി നായർ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ രാഷ്ട്രീയ നേട്ടത്തിനായി നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് ജനങ്ങളിൽ സവർണ - അവർണ ചേരിതിരിവുണ്ടാക്കുകയാണ്. കേരളത്തിൽ വർഗീയ കലാപത്തിന് വഴിതെളിക്കുകയാണ്. ശബരിമല യുവതീപ്രവേശത്തിൽ എൻ.എസ്.എസ് വിശ്വാസികളോടൊപ്പമാണ്. എന്നാൽ സംസ്ഥാനസർക്കാരും ഇടതുമുന്നണിയും വിശ്വാസികൾക്കെതിരായ നിലപാടാണ് സ്വീകരിക്കുന്നത്. ശബരിമലയിൽ വിശ്വാസം സംരക്ഷിക്കുന്നതിന് കേന്ദ്രസർക്കാർ ആത്മാർത്ഥമായ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. സുപ്രീംകോടതി വിധിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാതെ അവർ വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു. കേന്ദ്രസർക്കാർ എൻ.എസ്.എസിനെയും വിശ്വാസികളെയും പുതപ്പിച്ചു കിടത്തുകയായിരുന്നു. മന്നത്തു പത്മനാഭന്റെ ജന്മദിനമായ ജനുവരി രണ്ട് നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ടിന്റെ പരിധിയിൽപെടുന്ന പൊതു അവധിയാക്കണമെന്നാവശ്യപ്പെട്ട് രണ്ട് തവണ സർക്കാരിന് നിവേദനം സമർപ്പിച്ചെങ്കിലും തള്ളിക്കളഞ്ഞെന്നും സുകുമാരൻ നായർ പറഞ്ഞു.