കോട്ടയം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർത്ഥി അഫീൽ ജോൺസന്റെ (17) നിലയിൽ നേരിയ പുരോഗതി. മെഡിക്കൽ കോളേജ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുന്ന അഫീൽ ഇന്ന് രാവിലെ കൺപോള അനക്കി. അതേസമയം, തലയ്ക്കേറ്റ ആഘാതം മാരകമായതിനാൽ തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ലെന്ന് ന്യൂറോ മെഡിസിൻ വിഭാഗം മേധാവി ഡോ.പി.കെ ബാലകൃഷ്‌ണൻ പറഞ്ഞു.

എന്നാൽ,​ തലച്ചോറൊഴികെയുള്ള അവയവങ്ങളുടെ പ്രവർത്തനം മരുന്നുകളുടെ സഹായം കൂടാതെ തന്നെ സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ട്.

ഡോ.സാജു മാത്യു, ഡോ.ബിനു വി. ഗോപാൽ, ഡോ.ടിനു രവി എബ്രഹാം, ഡോ.ഫിലിപ്പ് ഐസക്, ഡോ. ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ അഫീലിന് ഏഴുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയിരുന്നു.