ചങ്ങനാശേരി : മാലിന്യം കാക്ക കൊത്തിവലിക്കുന്നു. നായ്ക്കളും മാലിന്യത്തിന് പിന്നാലെയുണ്ട്. ഈ ദയനീയകാഴ്ച കണ്ട് പരക്കംപായുകയാണ് ഒരുകൂട്ടം മനുഷ്യർ. എം.വൈ.എം.എ. റോഡിൽ നിന്ന് സ്‌റ്റേഡിയം റോഡിലേക്ക് എത്തണമെങ്കിൽ മാലിന്യത്തിൽ ചവിട്ടാതെ രക്ഷയില്ല. റോഡിൽ വീടുകളിൽ നിന്നുള്ള മാലിന്യം വരെയുണ്ട്. പലരും മൂക്കുപൊത്തിയാണ് ഇതുവഴി കടന്നുപോകുന്നത്. റവന്യുടവറിലേക്കും സമീപത്തുള്ള സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂൾ, മുനിസിപ്പൽ സ്റ്റേഡിയം, മുനിസിഫ് കോടതി, എക്‌സൈസ് ഡിപ്പാർട്ടമെന്റ്, ഗവ. ജനറൽ ആശുപത്രി, പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ, വക്കീൽ ഓഫീസുകൾ, ഗസ്റ്റ് ഹൗസ് തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള എളുപ്പ വഴിയാണ് സ്റ്റേഡിയം റോഡ്. വീതി കുറഞ്ഞ റോഡിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നതായി മുമ്പും പരാതി ഉയർന്നിരുന്നു. റോഡിന് നടുവിലായി മലിനജലവും കെട്ടിക്കിടക്കുന്നു. ഇത് പകർച്ചവ്യാധികൾക്ക് ഉൾപ്പെടെ കാരണമാകുമെന്ന് സമീപവാസികളും കച്ചവടക്കാരും പറയുന്നു.

ചെളിയിൽ കുളിക്കും!

കെ.എസ്.ആർ.ടി.സി ബസുകൾ കടന്നുപോകുമ്പോൾ ചെളിവെള്ളം തെറിച്ച് കാൽനടയാത്രക്കാരുടെ ദേഹത്തുവീഴുന്നതും പതിവാണ്. മഴക്കാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ സ്‌കൂൾ കുട്ടികൾ തെന്നി വീഴുന്നതും നിത്യസംഭവമാണ്. നഗരസഭയുടെ ശുചീകരണ തൊഴിലാളികൾ ഇവിടെ മാലിന്യങ്ങൾ തൂത്തുകൂട്ടിയിട്ട് കത്തിക്കുന്നതു പതിവാണ്. ഇത് മുതലെടുത്താണ് സാമൂഹ്യവിരുദ്ധർ പട്ടാപ്പകൽ വരെ വാഹനങ്ങളിലെത്തി മാലിന്യം വലിച്ചെറിയുന്നത്.