ചങ്ങനാശേരി : അഞ്ചുവിളക്കിന്റെ നാട്.. ചങ്ങനാശേരിയെ സംബന്ധിച്ച് പേരിൽ മാത്രമേയുള്ളൂ അഞ്ചുവിളക്കിന്റെ മഹിമ. ഇപ്പോൾ നഗരം മാലിന്യക്കൂമ്പാരത്തിന് നടുവിലാണ്. പ്രത്യേകിച്ച് നഗരത്തിലെ മൂന്ന് ബസ് സ്റ്രാൻഡുകളും. പെരുന്ന ഒന്നാം നമ്പർ വാഴൂർ സ്റ്റാൻഡ്, പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് എന്നിവയാണ് അധികൃതരുടെ അനാസ്ഥകാരണം ഡപിംഗ് യാഡായി മാറിയിരിക്കുന്നത്. മൂന്ന് സ്റ്രാൻഡുകളിലും വിദ്യാർത്ഥികൾ ഉൾപ്പെടെ ദിവസേന നൂറുകണക്കിന് യാത്രക്കാരാണ് വന്നുപോകുന്നത്. കുണ്ടും കുഴിയും വെള്ളക്കെട്ടും ചാടിക്കടന്നു വേണം സ്റ്റാൻഡുകളിലെത്താൻ. ബസ് സ്റ്റാൻഡുകളുടെ പരിസരങ്ങളിലും രാത്രിയിൽ വെളിച്ചവുമില്ല. ബസുകളുടെ അവസാന ട്രിപ്പും കഴിഞ്ഞ് ജീവനക്കാർ പോകുന്നതോടെ സ്റ്റാൻഡുകളുടെ പരിസരം സാമൂഹിക വിരുദ്ധരുടെ വിഹാര കേന്ദ്രമായി മാറും. നിർത്തിയിട്ടിരിക്കുന്ന ബസിനുള്ളിൽ അതിക്രമിച്ച് കയറി സംഘം ചേർന്ന് മദ്യപിക്കുക, മലമൂത്ര വിസർജനം നടത്തുക എന്നിവയാണ് അവരുടെ പ്രധാന പരിപാടികൾ.
കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡ്
വർഷങ്ങൾ പഴക്കമുള്ള കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്. ഏത് നിമിഷവും നിലംപതിക്കാമെന്ന രീതിയിലാണ് കെട്ടിടം. സ്റ്റാൻഡിന്റെ പ്രവേശനകവാടം മുതൽ കുഴികൾ നിറഞ്ഞിരിക്കുകയാണ്. ബലക്ഷയമുള്ള കെട്ടിടത്തിന് താഴെ അപകടം സംഭവിക്കരുതേ എന്ന പ്രാർത്ഥനയോടെയാണ് ഓരോയാത്രക്കാരനും ബസ് കാത്തുനിൽക്കുന്നത്. വാഹനങ്ങൾ കഴുകുന്ന വെള്ളവും മഴയത്തെ വെള്ളക്കെട്ടും യാത്രക്കാരുടെ ദുരിതം വർധിപ്പിക്കുന്നു. ബസുകൾ പാർക്ക് ചെയ്യുന്നിടത്ത് പോലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്.
വാഴൂർ ഒന്നാം നമ്പർ സ്റ്റാൻഡ്
ചങ്ങനാശേരി ഒന്നാം നമ്പർ വാഴൂർ ബസ് സ്റ്റാൻഡിനു സമീപം മാലിന്യം കൂട്ടിയിട്ടിരിക്കുന്നു. വാഴൂർ സ്റ്റാൻഡിൽ സന്നദ്ധ സംഘടനകൾ നൽകിയ ഇരിപ്പിടങ്ങൾ പലപ്പോഴും സാമൂഹികവിരുദ്ധരും യാചകരും കീഴടക്കും. ഇവിടെ കൂടുതൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കണമെന്നും ആവശ്യമുണ്ട്. വാഴൂർ
സ്റ്റാൻഡിലെ കംഫർട്ട് സ്റ്റേഷനു സമീപമുള്ള മാലിന്യക്കൂമ്പാരം നീക്കാത്തത് ദുർഗന്ധത്തിന് ഇടയാക്കുന്നു. ഇവിടെ നിന്നുള്ള മലിന ജലം സ്റ്റാൻഡ് പരിസരത്തേയ്ക്കും ഒഴുകുന്നുണ്ട്.
പെരുന്ന രണ്ടാം നമ്പർ സ്റ്റാൻഡ്
പെരുന്ന സ്റ്റാൻഡിൽ എത്തുന്ന ആളുകളെ കാത്തിരിക്കുന്നത് തുരുമ്പെടുത്തതും ഇളകിയതുമായ കസേരകളാണ്. ഉപയോഗശൂന്യമായി കൂട്ടിയിട്ടിരിക്കുന്ന കസേരകളും കാണാം. നിലവിലുള്ള ഇരിപ്പിടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെടുന്നു. ബസുകൾ കയറിയിറങ്ങുന്ന ഭാഗത്തെ കോൺക്രീറ്റ് തകർന്ന നിലയിലാണ്. പെരുന്ന സ്റ്രാൻഡിലും മാലിന്യങ്ങൾ കുന്നുകൂടുകയാണ്. പേരിനു മാത്രം എല്ലാ ദിവസവും ചാക്കിലാക്കി വച്ചിരിക്കുന്ന മാലിന്യങ്ങൾ നഗരസഭ ജീവനക്കാർ എടുക്കും. ബാക്കി അതേപോലെ സ്റ്രാൻഡിൽ ഉപേക്ഷിക്കും. മഴയിൽ മലിനജലം സ്റ്റാൻഡിലേക്ക് ഒഴുകിയിറങ്ങും. മാലിന്യങ്ങൾ കുന്നുകൂടിയതിനാൽ കംഫർട്ട് സ്റ്റേഷനിലെത്തുന്ന ആളുകൾ കാര്യം സാധിക്കാതെ മടങ്ങിപ്പോകുകയാണ് പതിവ്.