ചങ്ങനാശേരി: മാലിന്യം മൂലം അഞ്ചുവിളക്കിന്റെ നാട്ടിലെ ബസ് സ്റ്റാൻഡുകളുടെ കഥ കഴിഞ്ഞു. അതേ അവസ്ഥയിലാണ് ചങ്ങനാശേരിക്ക് തൊട്ടടുത്തുള്ള കറുകച്ചാലിലെ ടാക്സി സ്റ്റാൻഡിന്റെ അവസ്ഥ. ടാക്സി സ്റ്റാൻഡ് കാട് പിടിച്ചും ഒപ്പം മാലിന്യത്തിൽ മുങ്ങിയും നശിക്കുകയാണ്. ടൗണിന്റെ നടുവിലായുള്ള ഈ സ്ഥലം ഇപ്പോൾ സാമൂഹ്യവിരുദ്ധരുടെ താവളമായി മാറിയിട്ടുണ്ട്. ടാക്സി സ്റ്റാൻഡിനൊപ്പം കംഫർട്ട് സ്റ്റേഷനും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
പാതിവഴിയിലായ സ്വപ്നപദ്ധതി
കറുകച്ചാൽ-വാഴൂർ റോഡിന് സമീപമാണ് പഞ്ചായത്ത് പദ്ധതിക്കായി സ്ഥലം വാങ്ങിയത്. 2005 ൽ പഞ്ചായത്ത് സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്തതാണ് സ്ഥലം. സ്ഥലത്തിന് 76 ലക്ഷം രൂപയാണ് പഞ്ചായത്ത് നൽകിയത്. എന്നാൽ തുക സംബന്ധിച്ച് പഞ്ചായത്തും ഉടമയുമായി തുടക്കം മുതൽ തന്നെ തർക്കം നിലനിന്നിരുന്നു. എന്നാൽ തുക പഞ്ചായത്ത് ഹൈക്കോടതിയിൽ കെട്ടിവച്ചെങ്കിലും ഉടമ തുക കൈപ്പറ്റിയിട്ടില്ല. ഏറ്റെടുത്ത സ്ഥലം നിരപ്പാക്കിയശേഷം 25 ലക്ഷം രൂപ ചെലവാക്കിയാണ് കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. എന്നാൽ, സ്ഥലം ഉടമ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടർന്ന് പദ്ധതി നിറുത്തിവയ്ക്കുകയായിരുന്നു.
കാട് മൂടിയ പദ്ധതി
ലോക ബാങ്കിന്റെ ധനസഹായത്തോടെയാണ് ടാക്സി സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. 54 സെന്റ് സ്ഥലമാണ് പദ്ധതിക്കായി കണ്ടെത്തിയത്. ടൗണിലെ ഗതാഗത കുരുക്കഴിക്കാൻ ടെമ്പോ-ടാക്സി വാഹനങ്ങൾക്ക് പ്രത്യേക സൗകര്യമൊരുക്കുകയായിരുന്നു ലക്ഷ്യം. സ്ഥലം വാങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ടാക്സി സ്റ്റാൻഡിന്റെ പ്രവർത്തനം ആരംഭിക്കാൻ സാധിച്ചില്ല. നിർമാണം പൂർത്തിയാക്കിയിട്ടും സാങ്കേതിക കാരണങ്ങളാൽ കംഫർട്ട് സ്റ്റേഷനും തുറന്നുകൊടുക്കാനായില്ല
മാലിന്യത്താൽ മാലിനം
പഞ്ചായത്ത് ടാക്സി സ്റ്റാൻഡിനായി കണ്ടെത്തിയ സ്ഥലത്ത് ദിവസവും മാലിന്യം തള്ളുന്നുണ്ട്. കംഫർട്ട് സ്റ്റേഷന്റെ ജനൽ ചില്ലുകളും ടൈലുകളും പലതും എറിഞ്ഞു തകർത്ത നിലയിലാണ്. ചാക്കുകളിലും മറ്റും കെട്ടിയാണ് മാലിന്യം തള്ളുന്നത്. വാഹനങ്ങളിൽ എത്തിച്ചും മാലിന്യം തള്ളുന്നുണ്ട്.