കോട്ടയം: അനധികൃതമായി നിർമിച്ച മതിൽ പൊളിച്ചുനീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസിന് പുല്ലുവില. ഒന്നും രണ്ടുമല്ല, മൂന്നുമാസത്തിനിടെ മൂന്നുതവണ നോട്ടീസ് നൽകിയിട്ടും എതിർകക്ഷിക്ക് ഒരു കുലുക്കമില്ല. കോട്ടയം ആർ.ഡി.ഒ യുടെ നിർദ്ദേശപ്രകാരം ഞാലിയാംകുഴി ആനിക്കൽ വീട്ടിൽ പി.കെ. മാത്യുവിന് (ബേബി) വാകത്താനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ നോട്ടീസാണ് ഗതികിട്ടാപ്രേതമായി അലയുന്നത്. അയൽവാസിയുടെ വീട്ടിലേക്കുള്ള കാറ്റും വെളിച്ചവും തടഞ്ഞ് മാത്യു ടിൻഷീറ്റുകൊണ്ട് നിർമ്മിച്ച മതിൽ അഞ്ച് ദിവസത്തിനകം പൊളിച്ചുനീക്കി ഓഫീസിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അയൽവാസിയായ തയ്യിൽ വീട്ടിൽ കുഞ്ഞുമോൻ എബ്രഹാം എന്നയാൾ കോട്ടയം ആർ.ഡി.ഒ യ്ക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പരാതിയിൽ അന്വേഷണം നടത്തിയ വാകത്താനം വില്ലേജ് ഓഫീസർ കുഞ്ഞുമോന്റെ ദുരിതം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് ആർ.ഡി.ഒ യ്ക്ക് നൽകിയിരുന്നു.

കഴിഞ്ഞ മേയ് 25 നാണ് (നംമ്പർ എ4- 3401/19 ) പഞ്ചായത്ത് സെക്രട്ടറി ആദ്യനോട്ടീസ് നൽകിയത്. ഇതിൽ നടപടി ഉണ്ടാകാതെവന്നപ്പോൾ ജൂൺ 3 ന് ഇതേ നമ്പരിൽത്തന്നെ നോട്ടീസ് ആവർത്തിച്ചു. എന്നിട്ടും മതിൽ പൊളിച്ചില്ല. ഒടുവിൽ ജൂലായ് 3ന് മൂന്നാത്തെ നോട്ടീസും നൽകി. ടിൻഷീറ്റ് കൊണ്ടുള്ള മതിൽ 5 ദിവസത്തിനകം പൊളിച്ചുനീക്കണമെന്ന നിർദ്ദേശത്തിനൊപ്പം പൊളിക്കുന്ന മതിലിന് പകരമായി ഇരുമ്പ് പൈപ്പും, ഇരുമ്പ് വലയും ഉപയോഗിച്ച് പുതിയ മതിൽ നിർമിക്കാനുള്ള അനുമതിയുമാണ് മൂന്നാമത്തെ നോട്ടീസിൽ നൽകിയത്. എന്നിട്ടും മാത്യു കുലുങ്ങിയില്ല. സബ് കളക്ടറടെ നിർദ്ദേശപ്രകാരം പഞ്ചായത്ത് സെക്രട്ടറി ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും നടപടി ഉണ്ടാകാത്തതിൽ അസംതൃപ്തനായ പരാതിക്കാരൻ ഇനി തദ്ദേശസ്വയംഭരണ ഓംബുഡ്സ് മാനും പഞ്ചായത്ത് ഡയറക്ടർക്കും അപ്പീൽ നൽകാനുള്ള തയ്യാറെടുപ്പിലാണ്.