കോട്ടയം: പരിപ്പ് - തൊള്ളായിരം - മാഞ്ചിറ റോഡിനുവേണ്ടി മൂന്നര പതിറ്റാണ്ട് കാത്തിരുന്ന വരമ്പിനകം നിവാസികൾ പ്രത്യക്ഷസമരത്തിലേക്ക്. വരമ്പിനകം വികസന സമിതിയുടെ നേതൃത്വത്തിൽ സ്ത്രീകളും കുട്ടികളുമക്കം നൂറുകണക്കിന് നാട്ടുകാർ ഇന്നലെ രാവിലെ 9 മുതൽ 2 മണിക്കൂർ അയ്മനം പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. 11 മണിയോടെ സമരക്കാരെ അറസ്റ്റുചെയ്ത് നീക്കിയശേഷമാണ് ഓഫീസ് പ്രവർത്തിച്ചത്. ലക്ഷ്യം നേടുംവരെ പ്രക്ഷോഭം ശക്തമായി തുടരുമെന്ന് വികസനസമിതി നേതാക്കൾ പറഞ്ഞു. ഫണ്ടിന്റെ കുറവുകൊണ്ടല്ല, അനാവശ്യകാലതാമസം സൃഷ്ടിച്ച് അഴിമതി നടത്താനുള്ള ചിലരുടെ തന്ത്രമാണ് റോഡ് നിർമ്മാണം വൈകിപ്പിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
1985 ലാണ് ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയിൽപ്പെടുത്തി റോഡ് നിർമ്മാണം തുടങ്ങിയത്. 34 വർഷത്തിനിടെ പ്രധാൻമന്ത്രി ഗ്രാമീണ സഡക് യോജന (പി.എം.ജി.എസ്.വൈ) എന്ന് പേരുമാറ്റി. അപ്രോച്ച് റോഡ് ഇല്ലാതെ ഒരു പാലവും പൂർത്തിയാക്കി. ഇതിനപ്പുറം നാട്ടുകാരുടെ ചിരകാലസ്വപ്നം പൂവണിഞ്ഞില്ല. പരിപ്പ്- മാഞ്ചിറ റോഡ് യാഥാർത്ഥ്യമായാൽ കുമരകം ഭാഗത്തുനിന്ന് കോട്ടയത്തേക്കുള്ള ദൂരം ഗണ്യമായി കുറയും. ആലപ്പുഴ, ചേർത്തല ഭാഗങ്ങളിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് എളുപ്പത്തിൽ എത്താനുമാകും. അപ്പർകുട്ടനാടിന്റെ സമഗ്രപുരോഗതിക്കും ആയിരക്കണക്കിന് ഏക്കർ കാർഷികമേഖലയുടെ അഭിവൃത്തിക്കും കാരണമാകും.