road

കോട്ടയം : പ്രളയ കാലത്തെ നാശനഷ്ടക്കണക്കുകൾ തിട്ടപ്പെടുത്തി തീരും മുൻപ് ചെങ്ങളം പ്രദേശത്ത് പ്രളയാനന്തര ദുരന്തങ്ങളും തലപൊക്കിത്തുടങ്ങി. ചെങ്ങളം - മഠത്തിപ്പറമ്പ് പാലത്തിനാണ് ഇത്തവണത്തെ പ്രളയത്തിൽ ഏറ്റവുമധികം പരിക്കേറ്റിരിക്കുന്നത്. ഒരുവശത്തെ അപ്രോച്ച് റോഡ് തോട്ടിലേക്ക് ഇടിഞ്ഞതോടെ പാലം അപകടാവസ്ഥയിലായി. ഇരുകരയിലേയും കൽക്കെട്ടുകൾക്കും ബലക്ഷയമുണ്ട്. ഒരുവശത്ത് കൽക്കെട്ടും പാലത്തിന്റെ സ്ലാബും തമ്മിൽ ഒരിഞ്ച് അകലത്തിൽ വിടവും രൂപപ്പെട്ടു. സംരക്ഷണഭിത്തി ഇടിഞ്ഞതോടെ നൂറുകണക്കിന് കുടുംബങ്ങൾ ആശ്രയിക്കുന്ന റോഡ് ഏത് നിമിഷവും തോട്ടിലേക്ക് പതിക്കാവുന്ന അവസ്ഥയിലാണ്.

ചെറുവാഹനങ്ങൾക്ക് കഷ്ടിച്ചുകടന്നു പോകാനുള്ള വീതിയാണ് റോഡിനുള്ളത്. പകുതിയോളം ഭാഗം തോട്ടിലേക്ക് ഇരുന്നുപോയതാണ് അപകഭീഷണി ഉയർത്തുന്നത്.

അധികൃതർ ഒന്നും കാണുന്നില്ല

വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്ന തിരക്കിൽ റോഡിനും പാലത്തിനുമുണ്ടായ കേടുപാടുകൾ ശ്രദ്ധിക്കാൻ അധികൃതർക്ക് സമയമില്ല. ചെങ്ങളം അയ്യമാത്ര പാലത്തിന് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ പ്രളയകാലത്ത് കടപുഴകിവീണ ആഞ്ഞിലിമരം ഇതുവരെയും മുറിച്ചുനീക്കിയിട്ടില്ല. തോട്ടിലൂടെ ഒഴുകിവരുന്ന മാലിന്യങ്ങൾ മരത്തിൽ തടഞ്ഞു നിൽക്കുന്നതിനാൽ പരിസരമാകെ ദുർഗന്ധമാണ്. ആഞ്ഞിലി വിലങ്ങുതടി ആയതോടെ വള്ളങ്ങളുടെ വഴിയും അടഞ്ഞു.