തലയോലപ്പറമ്പ്: അനധികൃത ബസ് സ്റ്റോപ്പും വാഹനങ്ങളുടെ അലക്ഷ്യമായ സഞ്ചാരവും കൂടാതെ അപകടങ്ങളുടെ പെരുമഴയും... തലപ്പാറ ജംഗ്ഷനിലെ കാര്യമാണ് പറഞ്ഞുവരുന്നത്. ഇവിടത്തെ അനധികൃത ബസ് സ്റ്റോപ്പിൽ ബസ് നിറുത്തി ആളെ കയറ്റുന്നത് ഗതാക്കുരുക്കിന് കാരണമാകാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ഇത്തരത്തിലുണ്ടാകുന്ന ഗതാഗതക്കുരുക്കുകൾ അപകടങ്ങളും ഉണ്ടാക്കുന്നു. കഴിഞ്ഞ ദിവസം കൂത്താട്ടുകുളം സ്വദേശിനി മറിയക്കുട്ടി (67) മരിച്ചതും ഇവിടെ മരിച്ചതും ഇങ്ങനെയുണ്ടായ അപകടത്തിലായിരുന്നു. എറണാകുളം ഭാഗത്തേയ്ക്കുള്ള ബസ് കാത്തിരുപ്പ് കേന്ദ്രം സ്ഥിതി ചെയ്യുന്നത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാർ പലതവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. എറണാകുളം റോഡിൽ വരേണ്ട ബസ് കാത്തിരുപ്പ് കേന്ദ്രം ഇപ്പോൾ വൈക്കം തൊടുപുഴ റോഡിൽ ആണ് സ്ഥിതി ചെയ്യുന്നത്. എറണാകുളം ഭാഗത്ത് നിന്നും വരുന്ന ബസുകൾ യാത്രക്കാരെ കയറ്റി ഇറക്കുന്നതിനായി നിറുത്തുന്ന സ്റ്റോപ്പ് ഈ അനധികൃത സ്റ്റോപ്പിന് എതിർവശത്താണ്. എറണാകുളം റോഡിലേക്കുള്ള വാഹനങ്ങൾ അനധികൃത ബസ്സ് സ്റ്റോപ്പിൽ നിറുത്തിയ ബസിനെ ഓവർ ടേക്ക് ചെയ്ത് വളഞ്ഞ് കയറേണ്ടി വരുന്നതാണ് ഇവിടെ ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നത്. സ്റ്റോപ്പിന് സമീപമുള്ള സീബ്രാലൈനിൽ ബസുകൾ നിറുത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നത് റോഡ് മുറിച്ചു കടക്കാനെത്തുന്ന കാൽനടയാത്രികരെയും ദുരിതത്തിലാക്കുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റവർ നിരവധിയും. ഇനിയും ദുരിതത്തിന് കാത്തു നിൽക്കാതെ പ്രശ്‌നപരിഹാരത്തിന് അടിയന്തരനടപടികൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 കഴിഞ്ഞ ദിവസം സംഭവിച്ചത്

കഴിഞ്ഞ ദിവസം ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സംഭവിച്ച അപകടത്തിൽ കൂത്താട്ടുകുളം കാരമല ഇലഞ്ഞിക്കൽ ഔസേഫിന്റെ ഭാര്യ മറിയക്കുട്ടിയുടെ (67)​ ജീവൻ നഷ്ടപ്പെട്ടിരുന്നു. അനധികൃതമായി സ്റ്റോപ്പിൽ നിറുത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസ് ആളെ കയറ്റുന്നതിനിടയിൽ റോഡ് ബ്ലോക്കായി. ഇതിനിടയിൽ വേവലാതിപൂണ്ട് ഡ്രൈവർ ബസ് അശ്രദ്ധയായി മുന്നോട്ടെടുത്തപ്പോൾ മുൻ ചക്രം തട്ടി വീണ വൃദ്ധയുടെ ശരീരത്തിലൂടെ പിൻചക്രം കയറി ഗുരുതരമായി പരിക്കേറ്റു. വൃദ്ധയുടെ കൂടെയുണ്ടായിരുന്ന പേരക്കുട്ടി എതിർദിശയിലേക്ക് വീണതിനാൽ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.