പാലാ : സഹൃദയസമിതി സുവർണ ജൂബിലി സമാപന സമ്മേളനവും വെട്ടൂർ രാമൻനായർ ജന്മശതാബ്ദി സമ്മേളനവും 12 ന് മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. ഉച്ചകഴിഞ്ഞ് 2 ന് സഹൃദയ സമിതി പ്രസിഡന്റ് രവി പാലായുടെ അദ്ധ്യക്ഷതയിൽ ചേരുന്ന ശതാബ്ദി സമ്മേളനം മനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടർ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യും. വെട്ടൂർ സ്മാരക യുവകഥാ പുരസ്‌കാരം സി.ആർ.ഓമനക്കുട്ടൻ പ്രഗിൽനാഥിന് സമ്മാനിക്കും. കഥാകാരി ഡി.ശ്രീദേവി വെട്ടൂരിന്റ ജീവിതരേഖ അവതരിപ്പിക്കും. ആർ.എസ്. വർമ്മ, വി.ജയകുമാർ എന്നിവർ പ്രസംഗിക്കും.

വൈകിട്ട് 4 ന് നടക്കുന്ന സുവർണ ജൂബിലി സമാപന സമ്മേളനം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജോർജ് കുളങ്ങര അദ്ധ്യക്ഷത വഹിക്കും. സഹൃദയ സമിതി സുവർണ ജൂബിലി മാദ്ധ്യമ പുരസ്‌കാരം സുനിൽ പാലായ്ക്ക് മുൻ എം.പി ഡോ.സെബാസ്റ്റ്യൻ പോൾ സമ്മാനിക്കും. സുവർണ ജൂബിലി നോവൽ വായനമത്സരാ വിജയികൾക്കുള്ള സമ്മാനങ്ങൾ മുനിസിപ്പൽ ചെയർപേഴ്‌സൺ ബിജി ജോജോ വിതരണം ചെയ്യും. കെ.എൻ സുകുമാരൻ നായർ സ്മാരക യുവകവിതാ പുരസ്‌കാരം ആലംകോട് ലീലാകൃഷ്ണൻ ആര്യാ ഗോപിക്ക് സമ്മാനിക്കും. കവയത്രി ആര്യാംബിക , കഥാകൃത്ത് അയ്മനംജോൺ തുടങ്ങിയവർ പ്രസംഗിക്കും. പാലാ രാഗമാലിക അവതരിപ്പിക്കുന്ന സംഗീത പരിപാടിയുമുണ്ട്.