പാലാ : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും യാത്രക്കാരുടെയും സമയോചിത ഇടപെടൽ മൂലം സഹയാത്രികന് തിരികെ കിട്ടിയത് സ്വന്തം ജീവൻ. വെള്ളരിക്കുണ്ട് മന്തകോലിൽ ജോസഫിനാണ് (80) സഹയാത്രക്കാരുടെ കാരുണ്യം സഹായമായത്. വെള്ളരിക്കുണ്ടിൽ നിന്നു പ്രവിത്താനം ആശുപത്രിയിൽ കഴിയുന്ന സഹോദരനെ കാണുന്നതിനാണ് ജോസഫ് എത്തിയത്. ഇവിടെ നിന്ന് തിരുവനന്തപുരത്തുള്ള മരുമകൾ ജിനുവിന്റെ വീട്ടിലേക്ക് യാത്രതിരിച്ചു. തൊടുപുഴ- കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കയറിയത്.
തെള്ളകത്ത് എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട ജോസഫ് ബസിനുള്ളിൽ കുഴഞ്ഞുവീണു. ബസ് നിറുത്തി ഡ്രൈവർ തോമസും കണ്ടക്ടർ സജിയും അടുത്തെത്തി. ബസ് മെഡിക്കൽ കോളേജിലേക്ക് പോകുകയാണെന്ന് യാത്രക്കാരോട് പറഞ്ഞതോടെ ബസിലുണ്ടായിരുന്ന 36 പേരും സഹകരിച്ചു. തുടർന്ന് ലൈറ്റിട്ട് അതിവേഗത്തിൽ ബസ് മെഡിക്കൽ കോളേജിലേക്ക് പാഞ്ഞു. ഈ സമയം ബസിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സ് സുമ ജോസഫിന് പ്രഥമിക മുൻകരുതലുകൾ നൽകി. പാലാ മുത്തോലി ബ്രില്യന്റിൽ പഠിക്കുന്ന മകനെ കണ്ടിട്ട് തിരുവനന്തപുരത്തേക്ക് മടങ്ങുകയായിരുന്നു സുമ. മെഡിക്കൽ കോളേജിന്റെ കവാടത്തിലേക്ക് കയറ്റിയ ബസിൽ നിന്ന് യാത്രക്കാരും ആശുപത്രി ജീവനക്കാരും ചേർന്ന് ജേസഫിനെ അത്യാഹിതവിഭാഗത്തിലേക്ക് മാറ്റി. ജോസഫിന്റെ കൈവശമുണ്ടായിരുന്ന സഞ്ചിയിൽ നിന്ന് മുൻപ് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായിരുന്നെന്നും പരിയാരം മെഡിക്കൽ കോളേജിലായിരുന്നു ചികിത്സതേടിയതെന്നും മനസിലാക്കാൻ കഴിഞ്ഞത് തുടർചികിത്സയ്ക്ക് സഹായകമായി. തുടർന്ന് ബസ് ജീവനക്കാരായ സജിയും തോമസും ചേർന്ന് മരുമകൾ ജിനുവിനെ വിവരമറിയിച്ചു. സംഭവത്തെക്കുറിച്ച് പാലാ, കോട്ടയം ഡിപ്പോകളിലും അറിയിച്ചിരുന്നു. 15 വർഷമായി പാലാ ഡിപ്പോയിലെ കണ്ടക്ടറാണ് വി.എൻ.സജി. തോമസും പത്ത് വർഷക്കാലമായി ഇവിടെ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്നു. കോട്ടയത്തെ ചികിത്സയ്ക്ക് ശേഷം ജിനുവിന്റെ വീട്ടിലേക്ക് മടങ്ങിയ ജോസഫ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തുടർചികിത്സ തേടും. മാതൃകാപരമായ പ്രവർത്തനത്തിലൂടെ ഒരു ജീവൻ രക്ഷിച്ച സജിയെയും തോമസിനെയും പാലാ ഡിപ്പോയിലെ ജീവനക്കാരും ഉദ്യാഗസ്ഥരും അനുമോദിച്ചു.