s

വൈക്കം: സ്വന്തമായി ഭൂമിയും ഭവനവുമില്ലാത്ത നിർദ്ധനർക്ക് തലചായ്ക്കാൻ വൈക്കം അയ്യർ കുളങ്ങരയിൽ ഫ്ലാറ്റ് നിർമ്മിക്കുന്നതിന് സംസ്ഥാന സർക്കാർ പദ്ധതി തയ്യാറാക്കുന്നു. അയ്യർകുളങ്ങരയിൽ ജലവിഭവ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 98 സെന്റ് സ്ഥലത്തിൽ നിന്ന് 50 സെന്റ് ഏറ്റെടുത്ത് 147 നിർദ്ധന കുടുംബങ്ങളെ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ ഉൾപ്പെടുത്തി ഫ്ലാറ്റ് നിർമ്മിച്ച് പാർപ്പിക്കാനാണ് പദ്ധതി. ഇതിനായി സർക്കാർ ആറുകോടി പതിനാറ് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. വൈക്കത്ത് ഇത്തരത്തിൽ ഒരു ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിനുള്ള പദ്ധതി ആദ്യമാണ്. അയ്യർ കുളങ്ങരയിലെ വാട്ടർ അതോറിട്ടിയുടെ സ്ഥലത്തിന്റെ സ്‌കെച്ചും പ്ലാനും സർക്കാരിന് സമർപ്പിച്ചു കഴിഞ്ഞു. താമസക്കാർ വൈദ്യുതി, കുടിവെള്ളം, കെട്ടിട മെയിന്റൻസ്, സെക്യൂരിറ്റിയുടെ വേതനം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ചെറിയ തുക മാസം തോറും നൽകേണ്ടി വരും. സ്വന്തമായി വീടും ഭൂമിയും ഇല്ലാത്ത മറ്റൊരു തരത്തിലും ഭൂമിയോ വീടോ ലഭിക്കാനിടയില്ലാത്തവർക്ക് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് അർഹതപ്പെട്ടവരെ തിരഞ്ഞെടുക്കുന്നത്.