കോട്ടയം: ഭൂമി തർക്കം പരിഹരിച്ചതോടെ കായംകുളം- എറണാകുളം റെയിൽപാത ഇരട്ടിപ്പിക്കൽ അന്തിമഘട്ടത്തലേക്ക്. കോട്ടയത്തിനും ചിങ്ങവനത്തിനുമിടയിൽ 4 ഹെക്ടർ ഭൂമിയുടെ കാര്യത്തിലായിരുന്നു തർക്കം. കഴിഞ്ഞ ആഴ്ച ഭൂ ഉടമകളും റവന്യൂ അധികൃതരുമായി നടത്തിയ ചർച്ചയിൽ പ്രശ്നപരിഹാരമായി. ഈ ഭൂമി കൂടി വിട്ടുകിട്ടിയാൽ കോട്ടയം വഴിയുള്ള ഇരട്ടവരിപ്പാത ഡിസംബറിൽ യാഥാർത്ഥ്യമാകും. ഏറ്റുമാനൂരിനും ചിങ്ങവനത്തിനും ഇടയിൽ 18 കിലോമീറ്റർ ഭാഗം മാത്രമാണ് ഇനി പൂർത്തിയാകാനുള്ളത്.
പാത ഇരട്ടിപ്പിക്കലിനൊപ്പം കോട്ടയം സ്റ്റേഷന്റെ നവീകരണം ലക്ഷ്യമിട്ട് തുടങ്ങിയ ജോലികളും അന്തിമഘട്ടത്തിലാണ്. ഇതിൽ കേരളീയ വാസ്തുഭംഗിയിൽ കെട്ടിടത്തിന്റെ നവീകരണവും പാർക്കിംഗ് സ്ഥലത്തിന്റെ നിർമ്മാണവും ഏതാണ്ട് പൂർത്തിയായി. എന്നാൽ ഗോഡൗണിന് സമീപത്തെ പ്രവേശന കവാടത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. കവാടമൊരുക്കുമ്പോൾ നിലവിലുള്ള ഗോഡൗൺ മറ്റ് ഏതെങ്കിലും സ്ഥലത്തേക്ക് മാറ്റേണ്ടിവരും. ചങ്ങനാശേരി, ചിങ്ങവനം, ഏറ്റുമാനൂർ സ്റ്റേഷനുകൾ പരിഗണനയിലുണ്ടെങ്കിലും അന്തിമ തീരുമാനം ആയില്ല. ശബരിമല സീസണ് മുമ്പേ സ്റ്റേഷൻ നവീകരണം പൂർത്തിയാക്കണമെന്നായിരുന്നു ആദ്യം ലക്ഷ്യംവച്ചത്. ഗോഡൗൺ മാറ്റുന്നതുൾപ്പെടെ നടപടികൾ വൈകുന്നതാണ് കാലതാമസത്തിന് കാരണം.
ഇരുചക്രവാഹനങ്ങൾക്ക് നല്ലകാലം
സ്റ്റേഷൻ നവീകരണത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നത് ഇരുചക്രവാഹന ഉടമകളാണ്. നിലവിലെ സാഹചര്യത്തിൽ ഉയർന്ന പാർക്കിംഗ് ഫീസ് നൽകിയാലും വാഹനത്തിന് യാതൊരു സുരക്ഷയും ലഭിച്ചിരുന്നില്ല. മരക്കൂട്ടങ്ങൾക്കിടെ മഴയും വെയിലുമേറ്റ് ഇരിക്കുന്ന വാഹനങ്ങളിൽ പക്ഷികൾ വിസർജിച്ചും വൃത്തികേടാകുന്ന സ്ഥിതിയുണ്ടായിരുന്നു. മൂന്നുനില പാർക്കിംഗ് സംവിധാനം വരുന്നതോടെ ആശങ്കയൊഴിയുകയാണ്.
വികസനപ്രവർത്തനങ്ങൾ
കേരളീയ വാസ്തുഭംഗിയിൽ സ്റ്റേഷൻ മന്ദിരം നവീകരണം
ഇരുചക്രവാഹനങ്ങൾക്ക് മൂന്നുനിലയിൽ പാർക്കിംഗ്
ഗുഡ് ഷെഡിന് സമീപത്തുകൂടി രണ്ടാമതൊരു കവാടം
ഗതാഗതം സുഗമമാക്കാൻ മുട്ടമ്പലത്ത് അണ്ടർപാസ്
നവീകരണം
20 കോടി
ചെലവിട്ട്
'ഡിസംബറോടെ ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാകുമെന്നാണ് റവന്യു അധികതർ ഉറപ്പ് നൽകിയിരിക്കുന്നത്. സെപ്തംബറിൽ ഭൂമി ഏറ്റെടുത്ത് നൽകുമെന്നാണ് അറിയിച്ചിരുന്നത്. സ്ഥലംവിട്ടുകിട്ടിയാൽ റെയിൽപാത ഇരട്ടിപ്പിക്കലും അനുബന്ധ ജോലികളും നടത്തി 2021 ൽ കമ്മീഷൻ ചെയ്യാനാകും.'
- തോമസ് ചാഴിക്കാടൻ എം.പി.