കറുകച്ചാൽ: തോട്ടയ്ക്കാട് അമ്പലക്കവല-ഞാലിയാകുഴി റോഡിലൂടെയുള്ള ജനങ്ങളുടെ ദുരിതയാത്രയ്ക്ക് നാളുകളുടെ പഴക്കമുണ്ടെങ്കിലും വഴി നന്നാക്കുന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും നടപടികളൊന്നുമുണ്ടാകുന്നില്ല. ഇടയ്ക്കിടെ മഴ പെയ്യുന്നത് റോഡിന്റെ തകർച്ച പൂർണമാക്കി. രണ്ടര വർഷം മുമ്പ് ഉന്നതനിലവാരത്തിൽ നിർമ്മിച്ച റോഡിനാണ് ഇന്നീ ദുർഗതി! മൂന്നു കിലോമീറ്ററോളം നീളമുള്ള റോഡ് 80 ലക്ഷം രൂപ ചെലവഴിച്ചാണ് അന്ന് നിർമ്മിച്ചത്. ടാറിംഗിന് നിലവാരമില്ലെന്ന് അന്ന് ആരോപണവും ഉയർന്നിരുന്നു. നിരവധി പോക്കറ്റ് റോഡുകളുമായി ബന്ധിപ്പിക്കുന്ന വഴിയായതിനാൽ ഇവിടെ തിരക്കും കൂടുതലാണ്. വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ തുടങ്ങിയവയിലേക്ക് പോകുന്നതിനും നാട്ടുകാർ ഉപയോഗിക്കുന്ന വഴി. ആറോളം ബസുകൾ സർവീസ് നടത്തുന്ന ഈ റോഡ് പൂർണമായും തകർന്നതോടെ യാത്രയും ദുരിതപൂർണമായി. ടാറിംഗ് തകർന്ന് രൂപപ്പെട്ടിരിക്കുന്ന കുഴികൾ ഇരുചക്രവാഹന യാത്രികരെ സംബന്ധിച്ച് വൻ ഭീഷണിയാണ് ഉയർത്തുന്നത്. പതിവായി പെയ്യുന്ന മഴയിൽ റോഡിൽ ചെളി നിറയുന്നതാണ് മറ്റൊരു വെല്ലുവിളി. രാത്രികാലങ്ങളിൽ ഇതു വഴിയുള്ള യാത്ര ചിന്തിക്കാൻ പോലും കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.