കോട്ടയം: അമിത കൂലി വാങ്ങിയേ അടങ്ങൂ എന്ന വാശിയിൽ മീറ്ററിടാതിരിക്കാൻ ഓട്ടോഡ്രൈവർമാ‌ർ നടത്തുന്ന പണിമുടക്ക് രണ്ടാം ദിവസത്തിലേയ്‌ക്ക്. മീറ്റർ ഇടാതെ സർവീസ് നടത്തിയ ഓട്ടോറിക്ഷകളിൽ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞു വച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഓട്ടോ ഡ്രൈവർമാർ സമരം പ്രഖ്യാപിച്ച് രംഗത്തിറങ്ങിയത്.

കഴിഞ്ഞ ദിവസം കുര്യൻ ഉതുപ്പ് റോഡിൽ പരിശോധന നടത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മീറ്ററിടാതെ സർവീസ് നടത്തിയ ഓട്ടോറിക്ഷകളെ പിടികൂടിയിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് ഉറപ്പായതോടെയാണ് പ്രതിഷേധവുമായി ഓട്ടോ ഡ്രൈവർമാ‌ർ എത്തിയതും സമരം പ്രഖ്യാപിച്ചതും. സമരം നടത്തിയെങ്കിലും മീറ്റർ ഇട്ട് തന്നെ ഓടണമെന്ന കർശന നിലപാടിൽ തന്നെയാണ് ജില്ലാ ഭരണകൂടം. മീറ്റർ ഇടാതെയുള്ള സർവീസ് അനുവദിക്കില്ലെന്നും, മീറ്റർ ഒഴിവാക്കിയുള്ള യാതൊരു വിട്ടുവീഴ്‌ചയ്‌ക്കും ഇല്ലെന്നുമാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്.

ഇന്നലെയും നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർ പണിമുടക്കി. സമരത്തിൽ പങ്കെടുക്കാത്ത ഓട്ടോറിക്ഷകൾ തടയുകയും, യാത്രക്കാരെ വഴിയിൽ ഇറക്കി വിടുകയും ചെയ്‌തു. ജനറൽ ആശുപത്രിയിൽ രോഗിയുമായി എത്തിയ ഓട്ടോറിക്ഷ തടഞ്ഞു നിറുത്തിയ പണിമുടക്ക് അനുകൂലികൾ യാത്രക്കാരെയും, ഓട്ടോഡ്രൈവർമാരെയും അസഭ്യം പറയുകയും ചെയ്‌തു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ സംയുക്ത ഓട്ടോ തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇന്ന് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്താൻ യൂണിയൻ തീരുമാനിച്ചു. കളക്‌ടറേറ്റിൽ നിന്നും ഗാന്ധിസ്‌ക്വയറിലേയ്‌ക്ക് ഓട്ടോ ഡ്രൈവർമാർ പ്രകടനം നടത്തും.