പാലാ : കടന്നൽക്കുത്തേറ്റ് മാനത്തൂരിൽ മദ്ധ്യവയസ്‌കൻ മരിച്ചതോടെ ഭീതിയുടെ നിഴലിലാണ് വള്ളാംകയം നിവാസികൾ. ഫുട്‌ബാളിനേക്കാൾ വലിപ്പത്തിലുള്ള രണ്ട് ഭീമാകാരമായ കടന്നൽകൂടുകളാണ് മേഖലയിലുള്ളത്. ഇവ നീക്കം ചെയ്യണമെന്ന് പ്രദേശവാസികളുടെ നാളുകളായുള്ള ആവശ്യത്തോട് പഞ്ചായത്ത് അധികൃതരും റവന്യൂ അധികൃതരും മുഖംതിരിക്കുകയാണ്.

മീനച്ചിൽ പഞ്ചായത്ത് 12-ാം വാർഡുൾപ്പെടുന്ന പ്രദേശമാണിത്. സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരത്തിൽ ഏഴടിയോളം ഉയരത്തിലാണ് ഒരുകടന്നൽക്കൂടുള്ളത്. വലിപ്പമേറിയ കടന്നലുകൾ സദാസമയവും കൂടിന് പുറത്തും പരിസരത്തുമായി പറന്നുനടക്കുന്നതാണ് ഭീതിയുളവാക്കുന്നത്. നിരവധി കുട്ടികളും സ്ത്രീകളുമടക്കമുള്ള കുടുംബങ്ങൾ കഴിയുന്ന മേഖലയിലാണ് രണ്ട് കടന്നൽക്കൂടുകളും. ഇതിൽ ഒന്നാകട്ടെ സമീപത്തെ കുളിക്കടവിനോട് ചേർന്നുമാണ്. ഇവ നീക്കംചെയ്യണമെന്ന് ഏറെ നാളായി പ്രദേശവാസികൾ ആവശ്യപ്പെടുന്നതാണ്.

ഉടൻ തന്നെ കടന്നലുകളെ നീക്കംചെയ്യാനുള്ള നടപടികൾ സ്വീകരിക്കും.
കെ.ബി സുരേഷ്, പഞ്ചായത്തംഗം