പാലാ : രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഗവ.സ്‌കൂളിനു സമീപമുള്ള വളവിലെ ട്രാഫിക് മിറർ കാറിടിച്ച് തകർന്ന

ന്നതോടെ ഈ ഭാഗം വീണ്ടും അപകടക്കെണിയായി. ചക്കാമ്പുഴ സ്‌കൂൾ വളവിൽ അപകടങ്ങൾ പെരുകിയതിനെക്കുറിച്ച് കേരളകൗമുദി തുടർച്ചയായി വാർത്തകൾ നൽകിയതിനെ തുടർന്ന് ഒന്നര വർഷം മുമ്പാണ് ഇവിടെ പി.ഡബ്ല്യു.ഡി അധികൃതർ ട്രാഫിക് മിറർ സ്ഥാപിച്ചത്. തുടർന്ന് രാമപുരം - പാലാ ഭാഗങ്ങളിൽ നിന്നു വരുന്ന വാഹന ഡ്രൈവർമാർക്ക് വേണ്ടത്ര മുൻ കരുതൽ എടുക്കാൻ കഴിഞ്ഞിരുന്നു. ചക്കാമ്പുഴ ഗവ.യു.പി സ്‌കൂളിലെ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, രാമപുരം ബി.ആർ.സിയിലെ ജീവനക്കാർ എന്നിവർക്കും അപകടമില്ലാതെ ഈ ഭാഗത്തു കൂടി സഞ്ചരിക്കുന്നതിന് മിറർ സഹായകമായിരുന്നു. മിറർ സ്ഥാപിച്ചതോടെ അപകടങ്ങളും ഗണ്യമായി കുറഞ്ഞു. രണ്ടു ദിവസം മുമ്പാണ് രാമപുരം ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് മിറർ ഇടിച്ച് തകർത്തത്. ഇക്കാര്യം നാട്ടുകാർ പൊതുമരാമത്ത് അധികൃതരെ അറിയിച്ചിരുന്നു. സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും നൂറോളം സർവീസുകൾ നടത്തുന്ന റോഡാണിത്.

അപകടം വരുന്ന വഴി
കൊടുംവളവിൽ ഇരുഭാഗത്തു നിന്നു വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയില്ല. രാമപുരം ഭാഗത്തു നിന്നു ഇറക്കം ഇറങ്ങി വേഗതയിലാണ് വാഹനങ്ങൾ വരുന്നത്. വഴി പരിചയമില്ലാത്തർ അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്. വളവിലെ വീതിക്കുറവും പ്രശ്‌നമാണ്. സ്‌കൂൾ സമയങ്ങളിൽ വിദ്യാർത്ഥികളും ഇതുവഴി എത്തുന്നതോടെ കാര്യങ്ങൾ കൂടുതൽ പരുങ്ങലിലാവും. ശബരിമല സീസണിൽ ആയിരക്കണക്കിനു തീർത്ഥാടക വാഹനങ്ങളാണ് ഇതു വഴി പോകുന്നത്. ഇതിന് മുൻപായി മിറർ സ്ഥാപിച്ച് അപകടഭീതിയൊഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

എത്രയും വേഗം പുതിയ മിറർ സ്ഥാപിക്കാൻ പൊതുമരാമത്ത് അധികൃതർ നടപടി സ്വീകരിക്കണം. അംഗപരിമിതരായ കുട്ടികളെയും മറ്റും വാഹനങ്ങളിലാണിപ്പോൾ ബി.ആർ.സിയിൽ എത്തിക്കുന്നത.് വളവിൽ അപകട ഭീതിയുണ്ട്.
ജി. അശോക്
ഓഫീസർ,രാമപുരം
ബി. ആർ.സി

കൊടുവളവിൽ വാഹനങ്ങൾ പരസ്പരം കാണാനാകില്ല

അപകടത്തിൽപ്പെടുന്നത് വഴി പരിചയമില്ലാത്തവർ

മിറർ സ്ഥാപിച്ചപ്പോൾ അപകടം ഗണ്യമായി കുറഞ്ഞിരുന്നു