തലയോലപ്പറമ്പ് : വൈക്കം മുഹമ്മദ് ബഷീർ സ്മാരക സ്‌കൂളിന് മുൻവശത്തുള്ള കോരിക്കൽ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമാകുന്നു. തലയോലപ്പറമ്പ് ബസ് സ്റ്റാൻഡ് മുതൽ പഴമ്പെട്ടി വരെയുള്ള നാലു കിലോമീറ്ററോളം വരുന്ന റോഡിന്റെ അറ്റക്കുറ്റപ്പണികൾക്കായി 10 ലക്ഷം രൂപയാണ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ ദിവസം അനുവദിച്ചത്. ഇതോടെ മൂന്നു വർഷമായി നാട്ടുകാർ നയിക്കുന്ന ദുരിതയാത്രയ്ക്കാണ് പരിഹാരമാകുന്നത്. റോഡിലെ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് ഇവിടെ പതിവായിരുന്നു. ജലവിതരണ പൈപ്പ് ലൈൻ നിരന്തരമായി പൊട്ടി വെള്ളം ശക്തമായി ഒഴുകുന്നതും പെയ്ത്ത് വെള്ളം ഒഴുകാൻ സംവിധാനമില്ലാത്തതും റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. കോരിക്കൽ റോഡിൽ തലയോലപ്പറമ്പ് ജംഗ്ഷനിൽ നിന്നും സ്‌കൂളിന്റെ പ്രവേശന കവാടത്തിന് മുന്നിലൂടെ കടന്ന് പോകുന്ന റോഡിന്റെ 200 മീറ്ററോളം വരുന്ന ഭാഗമാണ് കൂടുതൽ തകർന്നത്. വീതി കുറഞ്ഞ റോഡിൽ കാൽനടയാത്രയും ദുഷ്കരമായിരുന്നു. കോരിക്കൽ, എഴുമാന്തുരുത്ത്, കല്ലറ, കോട്ടയം തുടങ്ങിയ വിവിധ ഇടങ്ങളിലേക്ക് സ്വകാര്യ ബസുകൾ ഉൾപ്പടെ നൂറ് കണക്കിന് വാഹനങ്ങൾ കടന്ന് പോകുന്ന റോഡിലായിരുന്നു ഈ ദുരിതയാത്ര. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പരാതിപ്പെട്ടിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. തുടർന്ന് റോഡ് നിർമ്മാണത്തിനായി സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു പ്രദേശവാസികൾ. റോഡിന്റെ ശോചനീയാവസ്ഥയെ സംബന്ധിച്ച് സെപ്തംബർ 27ന് 'കേരളകൗമുദി' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.