അടിമാലി: മാലിന്യ സംസ്‌ക്കരണത്തിന് കൂടുതൽ കരുത്തേകാൻ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്ത് നിർമ്മിക്കുന്ന ബയോഗ്യാസ് പ്ലാന്റിന്റെ ജോലികൾ അവസാന ഘട്ടത്തിൽ.പ്ലാസ്റ്റിക് ഷ്രെഡിംങ്ങ് യൂണിറ്റ്,തൂമ്പൂർമൊഴി മോഡൽ മാലിന്യ സംസ്‌ക്കരണ കേന്ദ്രം,ഗ്രീൻ അടിമാലി ക്ലീൻ ദേവിയാർ പദ്ധതി എന്നിവയ്ക്കു പുറമെയാണ് മാലിന്യ സംസ്‌ക്കരണത്തിനായി പുതിയ പദ്ധതി പൂർത്തിയാകുന്നത്. കേന്ദ്രസർക്കാരിന്റെ ഗോവർദ്ധൻ പദ്ധതിയുമായി സഹകരിച്ച് പഞ്ചായത്തിന് കീഴിലുള്ള മത്സ്യ മാംസ്യ ചന്തയിൽ ബോയോഗ്യാസ് പ്ലാന്റെന്ന രീതിയിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്.മാലിന്യ സംസ്‌ക്കരണത്തിനൊപ്പം പ്ലാന്റിൽ നിന്ന് വൈദ്യുതി ഉദ്പാദിപ്പിക്കാനാകും. പ്ലാന്റിന്റെ ജോലികൾ അവസാന ഘട്ടത്തിലാണെന്നും പദ്ധതി വിജയമാകുമെന്ന പ്രതീക്ഷയാണ് പഞ്ചായത്തിനുള്ളതെന്നും പഞ്ചായത്ത് സെക്രട്ടറി കെഎൻ സഹജൻ പറഞ്ഞു.
ചന്തയിലും ടൗണിന്റെ വിവിധ ഭാഗങ്ങളിലും ഉണ്ടാകുന്ന ജൈവമാലിന്യങ്ങളാകും പ്ലാന്റിൽ സംസ്‌ക്കരിക്കാനെത്തിക്കുക.ഇവിടെ നിന്നുത്പ്പാദിപ്പിക്കുന്ന വൈദ്യുതി മത്സ്യ മാംസ്യശാലകളിലേക്ക് വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. 27 ലക്ഷം രൂപ പദ്ധതിക്കായി ചിലവഴിക്കേണ്ടി വരും.50 എം ക്യൂബാണ് ബയോഗ്യാസ് പ്ലാന്റിന്റെ സംഭരണ ശേഷി.ജില്ലയിൽ ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരം പദ്ധതിയുമായി രംഗത്ത് വരുന്നത്.
പ്ലാന്റ് പൂർത്തിയാകുന്ന മുറയ്ക്ക് ടൗണിലെ ജൈവമാലിന്യങ്ങൾ ദുർഗന്ധമുണ്ടാകാത്ത വിധം സംസ്‌ക്കരിക്കാമെന്നതും മറ്റൊരു പ്രത്യേകതയാണ്.