കോട്ടയം : ശബരിമല അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യപ്പധർമ്മ പ്രചരണ രഥയാത്രയ്‌ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് സ്വാഗതസംഘം ചെയർമാൻ പ്രൊഫ.മാടവന ബാലകൃഷ്‌ണപിള്ളയും , ജനറൽ കൺവീനർ രാജേഷ് നട്ടാശ്ശേരിയും അറിയിച്ചു. 20 ന് എരുമേലിയിൽ തുടങ്ങി 24 നു വൈക്കത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 20 ന് രാവിലെ 8 ന് മാതാ അമൃതാനന്ദമയി മഠം ചങ്ങനാശേരി മഠാധിപതി ബ്രഹ്മചാരിണി നിഷ്ഠാമൃത ചൈതന്യയുടെ മുഖ്യ കാർമ്മികത്വത്തിൽ സർവൈശ്വര്യപൂജയോടെ ചടങ്ങുകൾ ആരംഭിക്കും.
എരുമേലിയിൽ രഥയാത്രയ്ക്ക് ദീപപ്രോജ്വലനം നടത്തും. തുടർന്ന് കാഞ്ഞിരപ്പിള്ളി താലൂക്കിൽ പ്രധാന ക്ഷേത്രങ്ങളിൽ രഥയാത്ര പ്രയാണം. വൈകിട്ട് കൊടുങ്ങൂർ ക്ഷേത്രത്തിൽ സമാപിക്കും. 21 ന് ചങ്ങനാശേരിയിൽ താലൂക്കിൽ പ്രവേശിക്കുന്ന യാത്ര വൈകിട്ട് ഇത്തിത്താനം ഇളങ്കാവ് ക്ഷേത്രത്തിൽ സമാപിക്കും. 22 ന് തിരുനക്കര മഹാദേവ ക്ഷേത്രം, നാഗമ്പടം, കുമാരനല്ലൂർ ദേവീക്ഷേത്രം, ഏറ്റൂമാനൂർ മഹാദേവ ക്ഷേത്രം, തിരുവഞ്ചൂർ ക്ഷേത്രം വഴി മണർകാട് ദേവീക്ഷേത്രത്തിൽ എത്തിച്ചേരും. 23 ന് കിടങ്ങൂർ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ നിന്നാരംഭിച്ച് വിവിധ ക്ഷേത്രസങ്കേതങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം വൈകിട്ട് കടപ്പാട്ടൂർ ക്ഷേത്രത്തിൽ സമാപിക്കും. സമാപന ദിവസമായ 24 ന് രാവിലെ 8 ന് കടുത്തുരുത്തിയിൽ നിന്നാരംഭിച്ച് വൈകിട്ട് വൈക്കം വലിയ കവലയിൽ സമാപിക്കും. അയ്യപ്പന്റെ വിഗ്രഹ രഥയാത്രയിൽ കുടുംബാർച്ചന, നെയ്യഭിഷേകം, ഗോപൂജ, പടിപൂജ, നീരാഞ്ജനപൂജ, സമൂഹാർച്ചന, മുദ്ര ധാരണം തുടങ്ങിയവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്.