എരുമേലി :സർക്കാർ തീരുമാനം ചെറുവള്ളിക്കനുകൂലമായതോടെ ശബരിമല വിമാനത്താവളപദ്ധതിക്ക് വേഗതയേറുമെന്ന് പ്രതീക്ഷ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിമാനത്താവളത്തിനായി ചെറുവള്ളി റബർ എസ്റ്റേറ്റ് ഏറ്റെടുക്കാൻ തീരുമാനിച്ചിരുന്നു .
വിമാനത്താവള പദ്ധതി വരുമെന്നുറപ്പായതോടെ എരുമേലി ഉൾപ്പെടുന്ന കിഴക്കൻ മലയോര മേഖല വികസനം സ്വപ്നം കണ്ടുതുടങ്ങി. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി, മുക്കൂട്ടുതറ,റാന്നി, മണിമല, പൊൻകുന്നം മേഖലകളെല്ലാം വികസനത്തിലേക്ക് കുതിക്കാനൊരുങ്ങുകയാണ് .
എരുമേലിയാണ് നിർദിഷ്ട വിമാനത്താവളവുമായി ഏറ്റവും അടുത്ത പട്ടണം. അതുതന്നെയാണ് എരുമേലിയുടെ വികസനസാദ്ധ്യതയും. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകരാണ് ഓരോ സീസണിലും എരുമേലിയിലെത്തുന്നത്. വിമാനത്താവള പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ഇത് വീണ്ടും വർദ്ധിക്കും.രാജ്യാന്തര നിലവാരമുള്ള റോഡുകൾ, ആശുപത്രികൾ തുടങ്ങി ഹോട്ടലുകളും,ടാക്‌സി സർവീസുകളും ഉൾപ്പെടെ എല്ലാ മേഖലയിലും വികസനവും തൊഴിൽ വർദ്ധനവും പ്രതീക്ഷിക്കപ്പെടുന്നു . തീർത്ഥാടക ടൂറിസത്തിനും വൻ വളർച്ചയാണ് സാദ്ധ്യമാവുക .
കാർഷിക വ്യവസായ മേഖലയിലും പുതിയ സംരംഭങ്ങൾക്ക് പദ്ധതി ഗുണം ചെയ്യും. ഹൈറേഞ്ച് മേഖലയിലെ സുഗന്ധ വ്യഞ്ജനങ്ങളും റബർ ഉൾപ്പെടയുള്ള വാണിജ്യവിളകളും മുഖേന വ്യവസായ പദ്ധതികൾ വരാനും സാദ്ധ്യതയുണ്ട്. പൊതുമരാമത്ത് റോഡുകളുടെ വികസനമാണ് മറ്റൊന്ന് . കോട്ടയം- എരുമേലി -പമ്പ,എരുമേലി-ഓരുകൽകടവ് -ചേനപ്പാടി റോഡ് ,കാഞ്ഞിരപ്പള്ളി- എരുമേലി , എരുമേലി-പമ്പ- തിരുവനന്തപുരം , കൊല്ലം-തേനി എന്നീ റോഡുകളിലൊക്കെ വികസനം അനിവാര്യമാകും.
സ്ഥലമേറ്റെടുക്കലും മറ്റനുബന്ധകാര്യങ്ങളും സമയക്രമമനുസരിച്ചു മുന്നേറിയാൽ അഞ്ചുവർഷത്തിനകം വിമാനത്താവളം യാഥാർത്ഥ്യമാകുമെന്നു വിദഗ്ദ്ധർ പറയുന്നു. ഏതായാലും എരുമേലിക്കാരും പരിസരവാസികളും സന്തോഷത്തിലാണ്. ഇനി വിമാനത്താവളത്തിന്റെ വരവാണ് എല്ലാവരും ഉറ്റുനോക്കുന്നത് .

തീർത്ഥാടക ടൂറിസത്തിൽ വളർച്ച

കിഴക്കൻ മലയോരമേഖല വികസനം
പുതിയ പൊതുമരാമത്ത് റോഡുകൾ

തൊഴിൽ സാദ്ധ്യതകളിലെ വർദ്ധന

കാർഷിക, വ്യവസായ സംരംഭങ്ങൾ

ചെറുവള്ളി-

ഭരണങ്ങാനം 43

എരുമേലി 4

ശബരിമല- 51

(ദൂരം കിലോമീറ്ററിൽ)


ചെറുവള്ളി

എസ്റ്റേറ്റ്

2263

ഏക്കർ

സർക്കാരിനോ, വികസന പ്രവർത്തനങ്ങൾക്കോ സഭ എതിരല്ല.എസ്റ്റേറ്റിന്റെ ഉടമസ്ഥാവകാശം സഭയ്ക്കാണെന്ന സുപ്രീം കോടതി വിധി ഉൾക്കൊണ്ടു കൊണ്ടുള്ള ഏതു പ്രവർത്തനത്തിനും സഹകരണം ഉണ്ടാകും. ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവിൽ കേസുകൾ ഇല്ലാതിരിക്കെ കോടതിയിൽ പണം കെട്ടിവച്ച് സ്ഥലം ഏറ്റെടുക്കുക പ്രായോഗികമല്ല. ഔദ്യോഗികമായ അറിയിപ്പ് കിട്ടുന്നതനുസരിച്ച് സഭാ സിനഡ് ചേർന്ന് തുടർ നടപടികൾ തീരുമാനിക്കും.

ഫാ.സിജോ പന്തപ്പള്ളിൽ, പി.ആർ.ഓ

ബിലീവേഴ്‌സ് ചർച്ച്