കുമരകം: പ്രളയത്താൽ തകർന്ന അയ്‌മനം, കുമരകം പഞ്ചായത്തുകളിലെ ക്ഷീരകർഷകർക്ക് ആശ്വാസവുമായി തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സഖി എന്ന സന്നദ്ധ സംഘടന. വനിതാ ക്ഷീരകർഷകർക്ക് തമിഴ്‌നാട് കൃഷ്ണഗിരിയിൽ നിന്നും കറവപ്പശുക്കളെ എത്തിച്ച് നൽകുന്നതാണ് പദ്ധതി. അൻപതിനായിരം രൂപ വീതം പശുവിനെ വാങ്ങുന്നതിന് തിരിച്ചടവില്ലാതെ നൽകുന്നതിനാണ് പദ്ധതി. മൂന്ന് വർഷത്തേയ്ക്ക് ഈ ഉരുക്കളെ വിൽക്കുവാനോ, കൈമാറ്റം ചെയ്യുവാനോ പാടില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പശുവിനെ നൽകുന്നത്. വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിലും ആയിരിക്കും ഇവയുടെ പരിപാലന നിരീക്ഷക സംവിധാനം. അയ്‌മനം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.കെ ഷാജി മോനാണ് പദ്ധതിയ്‌ക്കു പിന്നിൽ. ചീപ്പുങ്കൽ ക്ഷീരസംഘത്തിൽ വച്ച് നടന്ന പശുവിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം, ജയേഷ് മോഹൻ നിർവഹിച്ചു. വാർഡ് മെമ്പർ മിനി ബിജു അദ്ധ്യക്ഷത വഹിച്ചു, കെ.കെ ഷാജിമോൻ, സംഘം പ്രസിഡന്റ് കെ.എൻ കൊച്ചുമോൻ, സെക്രട്ടറി മനോജ് കരീമഠം തുടങ്ങിയവർ സംസാരിച്ചു.