വൈക്കം: വൈക്കം നഗരസഭയിൽ പി.എം.എ.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന 192വീടുകളിൽ പൂർത്തിയായ നൂറ് വീടുകളുടെ താക്കോൽദാനം ഉടൻ നടക്കും. 100 ഓളം പേരാണ് വീടിന്റെ പണികൾ പൂർത്തിയാക്കി താമസ യോഗ്യമാക്കിയത്. ശേഷിക്കുന്ന 92 വീടുകളുടെ പണി മൂന്ന് മാസത്തിനകം പൂർത്തിയാകും. കേന്ദ്ര സർക്കാർ ഒന്നര ലക്ഷം രൂപയും സംസ്ഥാന സർക്കാർ 50,000 രൂപയും നഗരസഭ വിഹിതമായി രണ്ട് ലക്ഷവുമടക്കം നാല് ലക്ഷം രൂപയാണ് വീടു നിർമ്മാണത്തിനായി ഗുണഭോക്താക്കൾക്ക് നൽകിയത്. ഭവന രഹിതരായ 202 കുടുംബങ്ങൾക്ക് കൂടി ഭവനം നിർമ്മിച്ചു നൽകുന്ന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിനായി നഗരസഭയുടെ വിഹിതമായി നൽകേണ്ട നാല് കോടി രൂപയ്ക്കായി ബാങ്കുവയ്പയ്ക്കായി നഗരസഭ സമീപിച്ചിരിക്കുകയാണ്. വായ്പയ്ക്കു ഈടായി നഗരസഭയുടെ വസ്തു നൽകുന്നതിന് നഗരസഭ കൗൺസിൽ അംഗീകാരം നൽകിയിട്ടുണ്ടെന്നും വായ്പയുടെ കാര്യത്തിൽ തീർപ്പായാൽ ഭവന നിർമ്മാണ പദ്ധതി ഉടൻ ആരംഭിക്കുമെന്നും നഗരസഭ ചെയർമാൻ പി.ശശിധരൻ പറഞ്ഞു.