പാലാ : കിടങ്ങൂർ പഞ്ചായത്തിലെ പെരുമ്പുഴ പാടശേഖരത്തിലെ തെങ്ങിൻതോപ്പിൽ പ്രയോഗിച്ചത് മാരകമായ നിരോധിച്ച കളനാശിനിയെന്ന് കൃഷിവകുപ്പധികൃതർ. കളനാശിനിയടിച്ചവരോട് അടിച്ചതിന്റെ ബാക്കി ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. കിടങ്ങൂർ കൃഷിഭവനിൽ ഹാജരാക്കിയ കളനാശിനി ടു ഫോർട്ടി എന്നപേരിലുള്ള നിരോധിത കളനാശിനിയാണെന്നാണ് കണ്ടെത്തിയത്. കൃഷി ഓഫീസറുടെ രേഖാമൂലമുള്ള ശുപാർശയില്ലാതെ കളനാശിനി വാങ്ങാനും വില്ക്കാനും അനുമതിയില്ല. സംഭവത്തെത്തുടർന്ന് പെരുമ്പുഴ പാടശേഖരത്തിൽ കളനാശിനിയും കീടനാശിനിയും പ്രയോഗിക്കുന്നത് അധികൃതർ തടഞ്ഞിട്ടുണ്ട്. പാദുവാ കുടിവെള്ളപദ്ധതിയിലെ കിണറടക്കമുള്ള ജലസ്രോതസുകളിൽ വിഷാംശം കലരുമെന്നതിനാലും പ്രദേശവാസികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായ സാഹചര്യത്തിലും കൃഷിവകുപ്പിന്റെ നിരീക്ഷണം പ്രദേശത്തുണ്ടാകും. കൃഷിഭവൻ അധികൃതരുടെ റിപ്പോർട്ട് കൃഷി അസിസ്റ്റന്റ് ഡയറക്ടർക്കും പ്രിൻസിപ്പൽ കൃഷി ഓഫീസർക്കും കൈമാറും.