കടുത്തുരുത്തി: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അടിയന്തിര ശ്രദ്ധയിൽപെടുത്തി കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ തുടർപ്രവർത്തനങ്ങൾ അടിസ്ഥാന സൗകര്യ വികസനത്തിനും നിലവിലുള്ള പ്രതിസന്ധികൾ പരിഹരിക്കുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു. സ്കൂളിൽ നടന്ന യോഗത്തിലാണ് എം.പി ഇക്കാര്യം പറഞ്ഞത്. 20 ലക്ഷം രൂപയുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക് എസ്റ്റിമേറ്റ് നിർമ്മിതി കേന്ദ്രം മുഖാന്തിരം തയ്യാറാക്കി കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ ഭരണാനുമതി നൽകി നടപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.പിക്ക് നല്കിയ നിവേദനത്തിൽ സ്‌കൂൾ അദ്ധ്യാപക-രക്ഷകർത്തൃസമിതി ആവശ്യപ്പെട്ടു. കേന്ദ്രീയ വിദ്യാലയ വികസനവുമായി ബന്ധപ്പെട്ട പ്രതിസന്ധികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് ഉന്നതതല യോഗം വിളിക്കുമെന്നും എം.പി പറഞ്ഞു. സ്‌കൂൾ ഹാളിൽ ചേർന്ന പി.ടി.എയുടെയും ജനപ്രതിനിധികളുടെയും യോഗത്തിൽ തോമസ് ചാഴികാടൻ എം. പി. ചർച്ചകൾക്ക് നേതൃത്വം നൽകി. സ്‌കൂൾ പ്രിൻസിപ്പൽ അലക്‌സ് ജോസഫ്, പി.ടി.എ ഭാരവാഹികളായ കെ. എ. തോമസ്, വി. റ്റി. സുരേഷ്, ബിന്ദു പി. ആർ, സ്റ്റിജി സി. ചാക്കോ, മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു കുന്നേൽ, വെള്ളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. മോഹനൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.